തിരുവനന്തപുരം: കൊല്ലും ചൂടില്‍ വെന്തുരുകുന്ന രാജ്യത്തിന് തന്നെ ആശ്വാസമേകി ഇത്തവണ തെക്കുപടിഞ്ഞാറൻ കാലവർഷം നേരത്തെയെത്തുമെന്ന് പ്രവചനം.
യൂറോപ്യൻ സെന്റർ ഫോർ മീഡിയം-റേഞ്ച് വെതർ ഫോർകാസ്റ്റ്‌സിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, മേയ് അവസാനത്തോടെ തന്നെ ദക്ഷിണേന്ത്യയില്‍ മഴയെത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
നിലവില്‍ ഉത്തരേന്ത്യയിലും മധ്യ ഇന്ത്യയിലും താപനില 43-44 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്നു നില്‍ക്കുകയാണ്. കേരളത്തില്‍ സാഹചര്യത്തിലാണ് ഈ പ്രതീക്ഷാജനകമായ വാർത്ത വരുന്നത്. കേരളത്തില്‍ കണ്ണൂരില്‍ സൂര്യതാപമേറ്റ് യുവാവ് മരണപ്പെട്ട സാഹചര്യവരെ ഉണ്ടായി.
ദിനം പ്രതി നിരവധി പേർക്ക് സൂര്യതാപമേല്‍ക്കുന്ന സാഹചര്യമാണുള്ളത്. കൃഷിയെ ആശ്രയിച്ചു കഴിയുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ക്കും ചൂടില്‍ നിന്ന് മോചനം ആഗ്രഹിക്കുന്നവർക്കും ഈ നേരത്തെയുള്ള മഴ വലിയ ആശ്വാസമാകും.
പുതിയ റിപ്പോർട്ടുകള്‍ പ്രകാരം, അൻഡമാൻ നിക്കോബാർ ദ്വീപുകളില്‍ മേയ് 18-നും 25-നും ഇടയില്‍ കാലവർഷം എത്തിയേക്കാം. മെയ് 25നും ജൂണ്‍ ഒന്നിനും ഇടയില്‍ കേരളത്തിലും തമിഴ്നാടിന്റെ തെക്കൻ ജില്ലകളിലും സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. അന്തരീക്ഷ സാഹചര്യങ്ങളില്‍ മാറ്റം വന്നില്ലെങ്കില്‍ മെയ് 25-ഓടെ കേരളത്തില്‍ കാലവർഷം എത്തിയേക്കാമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പ്രതീക്ഷിക്കുന്നത്.
നിലവില്‍ അനുഭവപ്പെടുന്ന കടുത്ത ചൂട് സമുദ്രത്തില്‍ നിന്നുള്ള കാറ്റിനെ നേരത്തെ കരയിലേക്ക് എത്തിക്കാൻ കാരണമാകുമെന്നാണ് വിലയിരുത്തല്‍. ഇത്തവണ കാലവർഷം എത്തുമ്പോള്‍ എല്‍ നിനോയുടെ സാന്നിധ്യം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലെ താപനിലയിലുണ്ടാകുന്ന വ്യത്യാസം ഇത്തവണ കാലവർഷം കനക്കാൻ കാരണമായേക്കും.
മെയ് അവസാന വാരത്തോടെ തെക്കുകിഴക്കൻ അറബിക്കടലില്‍ ശക്തമായ പടിഞ്ഞാറൻ കാറ്റ് രൂപപ്പെടാനും അത് ഈർപ്പമുള്ള മേഘങ്ങളെ ഇന്ത്യൻ തീരത്തേക്ക് എത്തിക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ വർഷവും കേരളത്തില്‍ കാലവർഷം നിശ്ചയിച്ചതിലും നേരത്തെ എത്തിയിരുന്നു. നിലവില്‍ കൊടും ചൂടില്‍ കേരളജനതയുള്‍പ്പെടെ വലയുകയാണ്. നിലവില്‍, ചൂടിനൊപ്പം വരള്‍ച്ചയും നേരിടുകയാണ്. കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മഴ നേരത്തെ എത്തുമെന്നത് ഏറെ പ്രതീക്ഷ നല്‍കുകയാണ്.

إرسال تعليق