പഴയ പിഴ പകുതിയാക്കാം; ഇ-ചെലാൻ അദാലത്തില്‍ വൻ തിരക്ക്, ആദ്യദിനം പിരിഞ്ഞത് 12.5 ലക്ഷം



കൊച്ചി: പഴയ ട്രാഫിക് പിഴകള്‍ പകുതി തുകയ്ക്ക് തീർപ്പാക്കാൻ അവസരമൊരുക്കിയ ഇ-ചെലാൻ അദാലത്തിന്റെ ആദ്യ ദിനം എറണാകുളം എൻഫോഴ്‌സ്‌മെന്റ് ആർടി ഓഫീസില്‍ വൻ തിരക്ക് അനുഭവപ്പെട്ടു.

'അമ്‌നസ്റ്റി സ്കീം 2026'-ന്റെ ഭാഗമായി സംഘടിപ്പിച്ച അദാലത്തില്‍ പങ്കെടുത്ത വാഹന ഉടമകളില്‍ പലർക്കും തങ്ങളുടെ പേരില്‍ നിലവിലുള്ള നിയമലംഘനങ്ങളുടെ എണ്ണം കണ്ട് അമ്പരപ്പായിരുന്നു.


പത്തോ മുപ്പതോ ചെലാനുകള്‍ ലഭിച്ചവർക്ക് പുറമെ അറുപതോളം നിയമലംഘനങ്ങള്‍ വരെ രേഖപ്പെടുത്തിയവർ ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഹെല്‍മെറ്റ് ധരിക്കാതെയുള്ള യാത്ര, സീറ്റ് ബെല്‍റ്റ് ഇടാതിരിക്കുക, ട്രിപ്പിള്‍ റൈഡിങ് തുടങ്ങിയ പിഴകള്‍ക്കായി മൊബൈലില്‍ വന്ന സന്ദേശങ്ങള്‍ അവഗണിച്ചവരാണ് അദാലത്തില്‍ എത്തിയവരിലേറെയും.


മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഫോട്ടോ സഹിതമുള്ള തെളിവുകള്‍ നിരത്തിയതോടെ തർക്കങ്ങളില്ലാതെ ഭൂരിഭാഗം പേരും പിഴയൊടുക്കാൻ തയ്യാറായി. ആദ്യ ദിനം വൈകിട്ട് അഞ്ചു മണി വരെ നീണ്ട നടപടികളിലൂടെ 332 ചെലാനുകള്‍ തീർപ്പാക്കുകയും പിഴയിനത്തില്‍ 12.5 ലക്ഷം രൂപ ഈടാക്കുകയും ചെയ്തു.


കോടതിയുടെ പരിഗണനയിലുള്ള കേസുകള്‍ പോലും പ്രത്യേക അനുമതിയോടെ ഈ ഇളവിലൂടെ തീർപ്പാക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ആർടിഒ ബിജു ഐസക് അറിയിച്ചു.


കളക്ടറേറ്റ് സമുച്ചയത്തില്‍ നടന്ന അദാലത്തില്‍ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിച്ചിരുന്നു. ഈ മാസം 30 വരെ തുടരുന്ന ഈ പദ്ധതിയിലൂടെ 2024 ഡിസംബർ 31 വരെയുള്ള പിഴകള്‍ പകുതി തുക അടച്ച്‌ തീർക്കാവുന്നതാണ്.


നിശ്ചിത സമയപരിധി കഴിഞ്ഞാല്‍ പൂർണ്ണമായ തുക തന്നെ ഒടുക്കേണ്ടി വരുമെന്നതിനാല്‍ വാഹന ഉടമകള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഓണ്‍ലൈൻ വഴിയും ഈ ആനുകൂല്യം ലഭ്യമാണ്.

Post a Comment

أحدث أقدم