തൊടുപുഴ :ഹർത്താലിനോടനുബന്ധിച്ച് വാഹനങ്ങള്‍ തടഞ്ഞശേഷം സ്വന്തം ബൈക്കില്‍ മടങ്ങാനൊരുങ്ങിയ ഹർത്താല്‍ അനുകൂലിയെ മറ്റൊരു യുവാവ് തടഞ്ഞു.
തൊടുപുഴയിലായിരുന്നു സംഭവം. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ തടഞ്ഞശേഷം ഹർത്താല്‍ അനുകൂലി ബൈക്കില്‍ പോകാൻ ശ്രമിച്ചതാണ് ശരത് എന്ന യുവാവിനെ ചൊടിപ്പിച്ചത്. ഒരു ടെലിവിഷൻ ചാനല്‍ ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തായിരുന്നു ഹർത്താല്‍ അനുകൂലിയുടെ വാഹനം തടയല്‍. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി വാഹനങ്ങള്‍ ഇയാള്‍ തടഞ്ഞിരുന്നു. തുടർന്ന് മറ്റൊരിടത്തേക്ക് ബൈക്കില്‍ കയറി പോകാൻ ശ്രമിച്ചപ്പോഴായിരുന്നു ശരത് ഇടപെട്ടത്. മറ്റുള്ള വാഹനങ്ങളെല്ലാം തടഞ്ഞശേഷം ബൈക്കില്‍ താൻ എങ്ങോട്ടുപോകുന്നു എന്നുചോദിച്ചുകൊണ്ടാണ് ശരത് വഴിതടഞ്ഞത്. പൊലീസിനെ വിളിക്കൂ എന്നും ഹർത്താല്‍ അനുകൂലിയോട് ശരത് പറഞ്ഞിരുന്നു. ഇതിനിടെ സ്ഥലത്തെത്തിയ പൊലീസിനോട് നടന്നുപോയി വാഹനങ്ങള്‍ തടഞ്ഞാല്‍ താൻ അയാളുടെ ബൈക്ക് തടയില്ലെന്ന് ശരത്തും അറിയിച്ചു. പ്രതിഷേധം കടുത്തതോടെ ഹർത്താല്‍ അനുകൂലിക്ക് നടന്നുപോകേണ്ടിവന്നു . ഇതിനിടെ തന്നെ ചോദ്യംചെയ്തയാളെ അറസ്റ്റുചെയ്യണമെന്ന് ഹർത്താല്‍ അനുകൂലി ആവശ്യപ്പെട്ടെങ്കിലും പൊലീസ് ഇതിന് തയ്യാറായില്ല. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെ ശരത്തിനെ അനുകൂലിച്ച് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്.
അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണത്തില്‍ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗണ്‍സിലും ദളിത് ആദിവാസി സംഘടനകളുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. വാഹനങ്ങള്‍ തടയില്ലെന്ന് അറിയിച്ചെങ്കിലും ഹർത്താല്‍ അനുകൂലികള്‍ വിവിധയിടങ്ങളില്‍ കെഎസ്‌ആർടിസി ബസുകളും സ്വകാര്യ വാഹനങ്ങളും തടഞ്ഞു. കടകള്‍ അടപ്പിക്കുകയും ചെയ്തു. വാഹനങ്ങള്‍ തടഞ്ഞതോടെ കോട്ടയം തിരുനക്കരയില്‍ ആംബുലൻസ് അടക്കമുള്ളവ കുടുങ്ങി. തിരുവനന്തപുരം തമ്പാനൂരില്‍ പ്രതിഷേധക്കാരും അവർ തടഞ്ഞ ബസിലെ യാത്രക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ചിലയിടങ്ങളില്‍ ഹർത്താല്‍ അനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തലസ്ഥാനത്തുള്‍പ്പെടെ വഴി തടഞ്ഞതോടെ വിഐടി പ്രവേശന പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥികളും പെരുവഴിയിലായി.

Post a Comment