കൊച്ചി : തെരഞ്ഞെടുപ്പിന് ശേഷം കത്തോലിക്കാ സഭക്കും മെത്രാന്മാര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച പിസി ജോര്‍ജിനും ഷോണ്‍ ജോര്‍ജിനുമെതിരെ ഹൈബി ഈഡന്‍.
ബിജെപിയെ മുന്‍നിര്‍ത്തി ഭീഷണിയും വിലപേശലും നടത്തേണ്ടെന്നും ബിജെപിയില്‍ നിന്ന് വല്ലതും കിട്ടുമെങ്കില്‍ വാങ്ങിയെടുത്താല്‍ മതിയെന്നും ഹൈബി ഈഡന്‍ പറഞ്ഞു. ക്രൈസ്തവരെയും മുസ്ലിങ്ങളെയും തമ്മില്‍ തല്ലിക്കാനുള്ള ബിജെപിയുടെ ക്വട്ടേഷന്‍ ഏറ്റെടുത്തവരാണ് പിസിയും ഷോണ്‍ ജോര്‍ജുമെന്നും ഹൈബി ഈഡന്‍ ആരോപിച്ചു.
പരാജയ ഭീതിയില്‍ വിറളി പൂണ്ടാണ് കത്തോലിക്കാ സഭക്കും മെത്രാന്മാർക്കുമെതിരെ ഇവർ നിരന്തരം അധിക്ഷേപം ഉന്നയിക്കുന്നത്. ബിജെപി ദേശീയ-സംസ്ഥാന നേതൃത്വങ്ങളുടെ നിലപാടും ഇതാണോയെന്ന് അറിയാൻ താല്‍പര്യമുണ്ടെന്നും ഹൈബി ഈഡൻ പറഞ്ഞു. എഫ്സിആർഎ ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് സഭക്ക് അകത്തും പുറത്തും കോണ്‍ഗ്രസ് നടത്തിയത്. ബില്‍ മാറ്റി വെക്കുമെന്ന് കേന്ദ്രമന്ത്രി പ്രഖ്യാപിച്ച ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചതെന്നും ഹൈബി ഈഡന്‍ പറഞ്ഞു. എഫ്സിആർഎ ദേദഗതി ബില്‍ പിൻവലിക്കണമെന്നും ഹൈബി ഈഡൻ ആവശ്യപ്പെട്ടു.
ബിജെപി സർക്കാർ രാജ്യത്ത് ന്യൂനപക്ഷ വേട്ട തുടരുകയാണ്. ക്രൈസ്തവർക്ക് കേരളത്തില്‍ ജീവിക്കാൻ രാജീവ് ചന്ദ്രശേഖറിന്‍റെയോ ബിജെപിയുടെയോ ഔദാര്യം ആവശ്യമില്ല. ക്രൈസ്തവ സ്ഥാപനങ്ങളെയും മാധ്യമസ്ഥാപനങ്ങളെയും ആക്രമിക്കാൻ ശ്രമിച്ചാല്‍ ഞങ്ങള്‍ സംരക്ഷണം കൊടുക്കുമെന്നും ഹൈബി ഈഡൻ പറഞ്ഞു. കേരളത്തില്‍ ഒരു സീറ്റ് പോലും ഇല്ലാത്ത പാർട്ടി ദേശീയതലത്തിലെ അധികാരത്തിന്‍റെ ഹുങ്കില്‍ ന്യൂനപക്ഷ വിഭാഗങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. മുസ്‌ലിം-ക്രൈസ്തവ വിഭജനവും വർഗീയതയും ആളിക്കത്തിക്കാൻ ശ്രമിക്കുന്നവരാണ് പിസിയും ഷോണ്‍ ജോർജുമെന്നും ഹൈബി ഈഡന്‍ വ്യക്തമാക്കി.
ഷോണ്‍ ജോർജ് കുറെ നാളായി ക്രൈസ്തവ സഭകളെ പറ്റിക്കുകയാണ്. ഡല്‍ഹിയില്‍ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും വിരുന്നില്‍ ഏതാനും മതമേലധ്യക്ഷന്മാരെ എത്തിച്ചിട്ട് അതിന്‍റെ ആനുകൂല്യം പറ്റുകയാണ് ഷോണ്‍ ചെയ്യുന്നത്. മുനമ്പം വിഷയത്തിലും ക്രൈസ്തവരെ കബളിപ്പിച്ചു. നന്ദി മോദി എന്നു പറഞ്ഞ് ബിജെപിയെ സുഖിപ്പിക്കുകയും ക്രൈസ്തവരെ കബളിപ്പിക്കുകയുമാണ് ഷോണ്‍ അടക്കമുള്ളവർ ചെയ്തത്. ബിജെപിയുടെ കരുണയില്‍ ജീവിക്കേണ്ടവരാണ് ക്രൈസ്തവരെന്ന ധാരണ പരത്താനുള്ള ശ്രമം കൈയില്‍ വെച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

إرسال تعليق