തിരുവനന്തപുരം: വിധി എഴുതാൻ ഇനി ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ കലാശക്കൊട്ട് കളറാക്കി മുന്നണികൾ. പരസ്യപ്രചാരണം അവസാനിച്ചു.
ഇന്ന് വൈകുന്നേരം ആറ് മണിവരെയായിരുന്നു പരസ്യ പ്രചരണം. ഒരു ദിവസം നിശബ്ദ പ്രചരണം. അടുത്ത ദിവസം വിധിയെഴുതാൻ വോട്ടർമാർ ബൂത്തുകളിലേക്ക് നീങ്ങും.
വട്ടിയൂർക്കാവ് നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി ആർ ശ്രീലേഖയുടെ പ്രചരണത്തിന് ഓട്ടൻ തുള്ളലുമായാണ് പ്രവർത്തകർ കൊട്ടി കലാശത്തിനെത്തിയത്.
വട്ടിയൂർക്കാവ് യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരന് വോട്ടഭ്യർഥിച്ചുകൊണ്ടുള്ള പോസ്റ്റർ എയർ ബലൂണില്‍ പതിപ്പിച്ചാണ് പ്രവർത്തകർ കൊട്ടിക്കലാശത്തിന് എത്തിയത്.
നഗര കേന്ദ്രങ്ങളും ഗ്രാമങ്ങളും രാഷ്ട്രീയ പാർട്ടികളുടെ കൊടികളും മുദ്രാവാക്യങ്ങളാലും സമ്പന്നമായി. നാടും നഗരവും ഒന്നാകെ ആവേശം അലയടിച്ചുയർന്നപ്പോള്‍ കൊട്ടിക്കലാശം ഇക്കുറി അത്യന്തം ആകർഷകമായി.
ദിവസങ്ങള്‍ നീണ്ടുനിന്ന പോർവിളിക്കൊടുവില്‍ ഓരോ മണ്ഡലങ്ങളിലും കൊട്ടിക്കലാശം ആവേശമാക്കാൻ സ്ഥാനാർഥികളും പ്രവർത്തകരും അരയും തലയും മുറുക്കി രംഗത്തെത്തി. റോഡ് ഷോയും റാലികളുമായാണ് സ്ഥാനാർഥികളും പ്രവർത്തകരും മണ്ഡലത്തിലെ കൊട്ടിക്കലാശ കേന്ദ്രത്തിലേക്ക് ഒഴുകിയെത്തിയത്. വ്യത്യസ്തങ്ങളായ കാഴ്ചകളാലും കൊട്ടിക്കലാശം ആവേശമായി മാറി. ബാന്‍ഡ് മേളവും ചെണ്ടമേളവും നിശ്ചല ദൃശ്യങ്ങളുമൊക്കെയായി കലാശക്കൊട്ട് പൂരമാക്കി മുന്നണികള്‍ മാറ്റി.
പതിവുപോലെ പേരൂർക്കടയായിരുന്നു ഇക്കുറിയും കൊട്ടിക്കലാശത്തിലെ ശ്രദ്ധാ കേന്ദ്രം. മൂന്ന് സ്ഥാനാർഥികളും ക്രയിനിലേറി കൈവീശി കാട്ടിയായിരുന്നു അണികളെ ആവേശത്തിലാക്കിയത്. എല്‍ ഡി എഫ് സ്ഥാനാർഥി വി കെ പ്രശാന്ത് കൂളിംഗ് ഗ്ലാസ് വച്ച് പ്രവർത്തകരെ കൈവീശി കാട്ടിയപ്പോള്‍ എൻ ഡി എ സ്ഥാനാർഥി ആർ ശ്രീലേഖ കിരിടം വച്ചായിരുന്നു ക്രയിനിലേറിയത്. യു ഡി എഫ് സ്ഥാനാർഥി കെ മുരളീധരൻ കോണ്‍ഗ്രസ് ഷാളണിഞ്ഞായിരുന്നു പ്രത്യക്ഷപ്പെട്ടത്.
കടലിരമ്പം പോലെ ഉയർന്ന മുദ്രാവാക്യങ്ങള്‍ക്കും തെരഞ്ഞെടുപ്പ് ആവേശത്തിനും ഒടുവില്‍ 6 മണിക്ക് കൊട്ടികലാശമായി. ഇനി നിശബ്ദ പ്രചരണത്തിന്‍റെ മണിക്കൂറുകളാണ്. അടുത്ത 5 വർഷത്തേക്ക് സംസ്ഥാനം ആര് ഭരിക്കണെന്ന വിധി കേരളം മറ്റന്നാള്‍ കുറിക്കും. 2.71 കോടി വോട്ടര്‍മാരാണ് കേരളത്തിന്‍റെ വിധിയെഴുതുക.

Post a Comment