ഇടുക്കിയില്‍ അമ്മയേയും സഹോദരനേയും കൊന്നു കുഴിച്ചുമൂടിയ സംഭവം; പ്രതി സജി 14 ദിവസത്തേക്ക് റിമാൻഡില്‍



ഇടുക്കി: നെടുങ്കണ്ടത്ത് അമ്മയെയും മൂത്ത സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ കേസില്‍ പ്രതിയായ സജി റിമാൻഡില്‍. 14 ദിവസത്തേക്കാണ് സജിയെ നെടുങ്കണ്ടം കോടതി റിമാൻഡ് ചെയ്‌തിരിക്കുന്നത്.

മേയ് നാലാം തീയതിക്ക് ശേഷം പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. പച്ചടി സ്വദേശി മേരിക്കുട്ടിയെയും (70) മൂത്ത മകൻ റെജിയെയുമാണ് (48) സജി കൊലപ്പെടുത്തിയത്.


സ്വത്ത് തർക്കത്തിന്റെയും വിവാഹം കഴിക്കാൻ സമ്മതിക്കാത്തതിന്റെയും പേരിലായിരുന്നു കൊലപാതകം എന്നാണ് പ്രതിയുടെ മൊഴി. മേരിക്കുട്ടിയെയും റെജിയെയും കാണാനില്ലെന്ന് കാട്ടി മകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് രണ്ടാഴ്ചത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. പൂർണ്ണമായും അഴുകിയിരുന്നു.


അതേസമയം, മേരിക്കുട്ടിയുടെ ഭർത്താവിന്റെ തിരോധാനം വീണ്ടുമന്വേഷിക്കാൻ ഒരുങ്ങുകയാണ് പൊലീസ്. മേരിക്കുട്ടിയുടെ ഭർത്താവായ പാസ്റ്റർ മാത്യുവിനെ 2018 മേയ് ഒൻപത് മുതല്‍ കാണാതായിരുന്നു. അതിനുശേഷം രോഗാവസ്ഥയിലായ മേരിക്കുട്ടി മൂന്നുവർഷം മുമ്പ് പക്ഷാഘാതം വന്ന് കിടപ്പിലായി. മേരിക്കുട്ടിയും മക്കളായ റെജിയും സജിയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. അവിവാഹിതരായ സഹോദരങ്ങള്‍ രണ്ടുപേരും മദ്യപിച്ച്‌ വീട്ടില്‍ പതിവായി വഴക്കിടാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. മേരിക്കുട്ടിയെ കാണാൻ മറ്റ് രണ്ട് പെണ്‍മക്കളെ പോലും ഇവർ അനുവദിച്ചിരുന്നില്ല.

Post a Comment

أحدث أقدم