ടിവികെയ്ക്ക് മുന്നിൽ ഓഫർ വച്ച് തമിഴ്നാട് ബിജെപി; വിജയ്ക്ക് ഉപമുഖ്യമന്ത്രി പദവി, പാർട്ടിക്ക് 80 സീറ്റുകൾ

 


നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് മുന്നിൽ ഓഫറുമായി തമിഴ്നാട് ബിജെപി. തങ്ങളുമായി സഖ്യത്തിലേർപ്പെടുകയാണെങ്കിൽ വിജയ്ക്ക് ഉപമുഖ്യമന്ത്രി പദവിയും മത്സരിക്കാൻ 80 സീറ്റുകളുമാണ് വാഗ്ദാനം നൽകിയിരിക്കുന്നത്. ഇരു പാർട്ടികളും തമ്മിലുള്ള സഖ്യചർച്ചകൾ അവസാന ഘട്ടത്തിലെത്തി എന്നാണ് വിവരം. വിജയ്ക്ക് മുഖ്യമന്ത്രി പദം വേണം എന്ന ആവശ്യമാണ് ടിവികെ മുന്നോട്ടു വെച്ചിട്ടുളളത്. വിജയ്‌യെ എതെങ്കിലും വിധേന സ്വാധീനിക്കാനുള്ള ശ്രമങ്ങളിലാണ് ബിജെപി. വിജയ്‌യുടെ ആരാധക വോട്ടുകളെയാണ് ബിജെപി ലക്ഷ്യമിടുന്നത്. വിജയ് പിടിക്കുന്ന ഓരോ വോട്ടും സഖ്യത്തിന്റെ ഭാവിയെ നിർണയിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. 


രണ്ട് ശതമാനം വോട്ട് വർദ്ധനവ് പോലും വലിയ മാറ്റമുണ്ടാക്കുമെന്നാണ് ബിജെപി കരുതുന്നത്. അതിനാൽ ഏത് വിധേനയും സഖ്യം സാധ്യമാക്കാനുള്ള നീക്കത്തിലാണ് ബിജെപി. ബിജെപിയുമായി സഖ്യത്തിലേർപ്പെടുമെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം തമിഴക വെട്രി കഴകം തള്ളിയിരുന്നു. ടിവികെ ജോയിന്റ് ജനറൽ സെക്രട്ടറി സിടിആർ നിർമൽ കുമാർ ആണ് എൻഡിഎ സഖ്യവാർത്തകൾ തള്ളിയത്. ബിജെപി തങ്ങളുടെ ആശയപരമായ എതിരാളികളാണെന്നും വരുന്ന വാർത്തകൾ എല്ലാം അഭ്യൂഹങ്ങൾ മാത്രമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെ സഖ്യമുണ്ടാക്കുകയാണെങ്കിൽ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ബിജെപി അംഗീകരിക്കുമോ എന്നും നിർമൽ കുമാർ ചോദിച്ചിരുന്നു.

Post a Comment

أحدث أقدم