കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. കേരളത്തിൽ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെടുപ്പ് ഏപ്രിൽ 9ന് നടക്കും. വോട്ടെണ്ണൽ മെയ് 4ആം തീയതിയാണ് നടക്കുക. കേരളത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം മാർച്ച് 23 ആണ്. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം മാർച്ച് 26 ആണ്. കേരളത്തിനൊപ്പം അസവും പുതുച്ചേരിയും ഏപ്രിൽ 9 ന് പോളിംഗ് ബൂത്തിലെത്തും. ഏപ്രിൽ 23 നായിരിക്കും തമിഴ്നാട്ടിലെ വോട്ടെടുപ്പ്. പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 23 ന് ഒന്നാം ഘട്ട തെരഞ്ഞെടുപ്പും ഏപ്രിൽ 29 ന് രണ്ടാം ഘട്ട തിരഞ്ഞെടുപ്പും നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പ്രഖ്യാപിച്ചു. എല്ലാ സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ മെയ് 4 നായിരിക്കും.
കേരളത്തിൽ 30,471 പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്. എല്ലാ പോളിംഗ് ബൂത്തുകളിലും 100 ശതമാനം വെബ്ബ് കാസ്റ്റിംഗ് ഏർപ്പെടുത്തും. പോളിങ് സ്റ്റേഷനുകളിൽ കുടിവെള്ളം, റാമ്പ് , വെളിച്ചം, വീൽ ചെയർ ഉറപ്പാക്കും. പോളിങ് സ്റ്റേഷനുകൾക്ക് പുറത്ത് മൊബൈലുകൾ സൂക്ഷിക്കാൻ സൗകര്യം ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഒരു പോളിംഗ് സ്റ്റേഷനിൽ പരമാവധി 1200 വോട്ടർമാർ മാത്രമാകും അനുവദിക്കുക. ഓരോ രണ്ടുമണിക്കൂറിലും പ്രിസെഡിംഗ് ഓഫീസർ പോളിംഗ് നിരക്ക് അപ്പ് ലോഡ് ചെയ്യും. തിരഞ്ഞെടുപ്പ് ആക്രമരഹിതമാകാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. വ്യാജ പ്രചരണങ്ങൾക്കെതിരെ നടപടിയെടുക്കും.
5 സംസ്ഥാനങ്ങളിലായി 17.4 കോടി വോട്ടർമാരാണ് ഉള്ളത്. 824 നിയോജകമണ്ഡലങ്ങൾ. 2.19 ലക്ഷം പോളിങ് സ്റ്റേഷനുകൾ സജ്ജീകരിക്കും. എല്ല വോട്ടർ മാരെയും പോളിംഗ് ബൂത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷൻ ഗ്യാനേഷ് കുമാർ പറഞ്ഞു. എല്ലാ വോട്ടർമാരും അഭിമാനത്തോടെ, ഉത്തരവാദിത്തത്തോടെ വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment