തിരുവനന്തപുരം: കുംഭമേളക്കിടെ വൈറലായ മൊണാലിസ ഭോസ്‌ലേയുടെയും ഫർമാൻ ഖാന്‍റെയും വിവാഹ രേഖകള്‍ തേടി മധ്യപ്രദേശ് എസ് സി-എസ് ടി കമ്മിഷൻ തിരുവനന്തപുരത്ത്.
മൊണാലിസയുടെ പിതാവ് കമ്മീഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്. വിവാഹം നടന്ന തിരുവനന്തപുരം അരുമാനൂർ നൈനാർ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തി. 2026 മാർച്ചില്‍ ഉത്തർപ്രദേശ് സ്വദേശിയായ ഫർമാൻ ഖാൻ എന്നയാള്‍ മകളെ തട്ടിക്കൊണ്ട് പോകുകയായിരുന്നു എന്നാണ് പിതാവിന്‍റെ പരാതി.
മാർച്ച് 11ന് അരുമാനൂർ നൈനാർ ക്ഷേത്രത്തിലെ ശ്രീനാരായണ ഗുരുവിന്‍റെ പ്രതിഷ്ഠയ്‌ക്ക് മുന്നിലായിരുന്നു ഇവരുവരുടെയും വിവാഹം. വിവാഹം രജിസ്റ്റർ ചെയ്യാൻ രേഖയായി നല്‍കിയ ആധാർ കാർഡിന്‍റെ പകർപ്പുകള്‍, വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇരുവരും നല്‍കിയ അപേക്ഷ, ക്ഷേത്രം നല്‍കിയ വിവാഹ സർട്ടിഫിക്കറ്റ് എന്നിവ കമ്മിഷൻ പരിശോധിച്ചു.
വ്യത്യസ്ത മതവിഭാഗമായതിനാല്‍ വിവാഹത്തിന് വീട്ടുകാർ തടസം നിന്നതോടെ കേരളത്തില്‍ അഭയം തേടിയ കുംഭമേളയിലെ വൈറല്‍ സുന്ദരി മൊണാലിസ ഭോസ്‌ലെയും കാമുകന്‍ ഫര്‍മാന്‍ ഖാനും തമ്മിലുള്ള വിവാഹം അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വച്ച് രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു നടന്നത്. സമൂഹമാധ്യമത്തിലൂടെ ആരംഭിച്ച പ്രണയത്തിന് വീട്ടുകാര്‍ തടസം നിന്നതോടെയാണ് ഇരുവരും തമ്പാനൂർ പൊലീസ് സ്റ്റേഷനിലെത്തി വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ടതോടെയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, മന്ത്രി വി.ശിവൻകുട്ടി, എ.എ റഹീം എംപി എന്നിവരുടെ സാന്നിധ്യത്തില്‍ വിവാഹം നടന്നത്. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയാണ് മൊണലിസ.
മഹാരാഷ്ട്ര സ്വദേശിയാണ് ഫര്‍മാന്‍ ഖാന്‍. ഇരുവരും തമ്മിലുള്ള ബന്ധത്തെ മൊണാലിസയുടെ കുടുംബം ശക്തമായി എതിര്‍ത്തിരുന്നു. നാട്ടിലേക്കു മടങ്ങാന്‍ വിമാനത്താവളത്തിലേക്കു പോകുന്നതിനിടെയാണ് മൊണാലിസയും സുഹൃത്തൃം തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തി വിവാഹം കഴിക്കാനുള്ള താല്‍പര്യം അറിയിച്ചത്. തിരുവനന്തപുരം സ്വദേശി ജയകുമാറിന്‍റെ ബന്ധു പ്രവര്‍ത്തിക്കുന്ന സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടിയാണ് മൊണാലിസ കേരളത്തിലെത്തിയിരുന്നതിനാല്‍ വിവരം അറിഞ്ഞ പൊലീസ് മൊണാലിസയുടെ പിതാവിനെ വിളിച്ചുവരുത്തി ഇവര്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞിരുന്നു.
എന്നാല്‍ സമ്മതമല്ലെന്നാണ് പിതാവ് അറിയിച്ചത്. തുടര്‍ന്ന് പ്രായപൂര്‍ത്തിയായെന്ന തെളിവുകള്‍ ഇരുവരും കാണിച്ചതോടെ മൊണാലിസയെ സുഹൃത്തിനൊപ്പം വിടുകയും വിവാഹത്തിന് സഹായം ചെയ്യുകയുമായിരുന്നു.
മൊണാലിസ പിതാവിനൊപ്പം താമസിച്ചിരുന്ന വീട്ടുടമയായ ജയകുമാറിനെ പൊലീസ് വിവരം അറിയിച്ചതോടെ അദ്ദേഹം ഇടപെട്ട് ക്ഷേത്രത്തില്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തി, മണിക്കൂറുകള്‍ക്കൊള്ളില്‍ വിവാഹപ്പന്തലൊരുങ്ങി വിവാഹ രജിസ്ട്രേഷനും നടന്നു. എന്നാല്‍, പിന്നാലെയാണ് പ്രായപൂർത്തിയാകാത്ത യുവതിയെ തട്ടിക്കൊണ്ട് പോയി വിവാഹം ചെയ്തെന്ന് കാട്ടി പിതാവ് കമ്മീഷനെ സമീപിച്ചത്.
മൊണാലിസയ്‌ക്ക് പ്രായം 18 തികഞ്ഞെന്നും ഇത് സ്ഥിരീകരിച്ച ശേഷമാണ് വിവാഹത്തിനുള്ള തീരുമാനമെടുത്തതെന്നും തമ്പാനൂർ പൊലീസും സ്ഥിരീകരിച്ചിരുന്നു. രേഖകള്‍ പരിശോധിച്ചതില്‍ നിന്നും 1.1.2008 ആണ് ജനനത്തീയതിയെന്നാണ് വ്യക്തമായതെന്നായിരുന്നു പൊലീസ് പറഞ്ഞത്.
എന്നാല്‍ ഈ വാദങ്ങള്‍ തെറ്റാണെന്ന് കാണിക്കുന്ന മോണാലിസയുടെ ജനനസർട്ടിഫിക്കറ്റിലെ വിവരങ്ങളുമായാണ് പിതാവ് പരാതി നല്‍കിയത്. ഇത് പ്രകരം ജനന തീയതിയും സമയവും 2009 ഡിസംബർ 30 വെകുന്നേരം 5.30 ആണ്. പാരാതിയില്‍ വ്യക്തത തേടിയാണ് കമ്മീഷൻ തിരുവനന്തപുരത്തെത്തിയത്. തുടർനടപടികള്‍ പിന്നാലെയുണ്ടാകുമെന്നാണ് വിവരം.

إرسال تعليق