ബലാത്സംഗം തന്നെ, ഉഭയസമ്മത പ്രകാരമല്ല ലൈംഗിക ബന്ധം; രാഹുലിന്റെ ജാമ്യം തള്ളിയ വിധി പകർപ്പ് പുറത്ത്

 


മൂന്നാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യം തള്ളിയ കോടതി വിധിയുടെ വിശദാംശങ്ങൾ പുറത്ത്. രാഹുലിന്‍റെ എല്ലാ വാദങ്ങളും തള്ളിയാണ് കോടതി ജാമ്യം നിഷേധിച്ചത്. എംഎൽഎക്കെതിരായ പരാതി ഗുരുതരമെന്നടക്കം ചൂണ്ടിക്കാട്ടിയുള്ള കോടതി വിധി, രാഹുലിനെ സംബന്ധിച്ചടുത്തോളം കനത്ത പ്രഹരമാണ്. മുമ്പും സമാനമായ കുറ്റകൃത്യത്തിൽ പ്രതി ഏർപ്പെട്ടിട്ടുണ്ട്. ജാമ്യം ലഭിച്ചാൽ ഇരയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട്. തെളിവ് നശിപ്പിക്കാനടക്കം സാധ്യതയുണ്ടെന്നും വിധിയിൽ കോടതി ചൂണ്ടിക്കാട്ടി. ലൈംഗിക ബന്ധം ഉഭയ സമ്മത പ്രകാരമല്ലെന്നും ബലാത്സംഗ കുറ്റം നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. സൈബർ ആക്രമണമെന്ന പ്രോസിക്യൂഷൻ വാദം ഗൗരവതരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇരയുടെ സ്വകാര്യത വെളിപ്പെടുത്തുന്ന തരത്തിലുള്ള സൈബർ ആക്രമണം നടക്കുന്നതായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.


പരാതിക്കാരിയുമായി ഉഭയസമ്മത പ്രകാരമുള്ള ബന്ധം, ചട്ടവിരുദ്ധമായ അറസ്റ്റ് എന്നീ കാര്യങ്ങളാണ് പ്രതിഭാഗം ജാമ്യ ഹർജിയിലെ വാദത്തിനിടെ പ്രധാനമായും ചൂണ്ടിക്കാണിച്ചത്. ശബ്ദരേഖയും ചാറ്റ് വിവരങ്ങളും ഹാജരാക്കിയിരുന്നു. എന്നാൽ സ്ഥിരം കുറ്റവാളി എന്ന പ്രോസിക്യൂഷൻ ആരോപണത്തിന് കഴമ്പുണ്ടെന്ന വിലയിരുത്തലിലേക്ക് കോടതി എത്തി. സമാന വകുപ്പുകൾ ഉള്ള മറ്റ് രണ്ട് കേസുകളുടെ കാര്യം ക്രൈം ബ്രാഞ്ച് ചൂണ്ടിക്കാട്ടിരുന്നു. മാത്രമല്ല ജാമ്യം നൽകിയാൽ എംഎൽഎയുടെ അധികാരം ഉപയോഗിച്ച് ഇരയെ ഭീഷണിപ്പെടുത്തും, തെളിവുകൾ നശിപ്പിക്കും തുടങ്ങിയ പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം പരിഗണിച്ച കോടതി രാഹുലിന് ജാമ്യം നിഷേധിക്കുകയായിരുന്നു. ഇതോടെ രാഹുൽ മാങ്കൂട്ടത്തിലിന് മാവേലിക്കര ജയിലിൽ തുടരേണ്ടിവരും. അതേസമയം മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് പ്രതിഭാഗവും ജാമ്യം പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് സൂചന. ജാമ്യ ഹർജിയുമായി തിങ്കളാഴ്ച  ജില്ലാ കോടതിയെ സമീപിക്കാനാണ് തീരുമാനം. 

Post a Comment

Previous Post Next Post