നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണം; മകളെ ഒഴിവാക്കാൻ കുഞ്ഞിനെ കൊന്നതാണെന്ന ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ

 


നെയ്യാറ്റിന്‍കരയില്‍ ഒരു വയസുകാരന്‍റെ മരണത്തിൽ പിതാവിന്റെ കുടുംബത്തിനെതിരെ മാതാവിന്റെ ബന്ധുക്കള്‍ രംഗത്ത്. കുഞ്ഞിന്റെ അമ്മയായ യുവതിയെ സ്ത്രീധനത്തിന്റെ പേരില്‍ ഭർത്താവ് പീഡിപ്പിച്ചിരുന്നു എന്നാണ് ആരോപണം. കല്യാണത്തിന് ശേഷം സ്വത്തുക്കള്‍ എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടെന്നും മകളെ ഒഴിവാക്കാനായി കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്നും കുഞ്ഞിന്റെ അമ്മയുടെ അമ്മ ആരോപിച്ചു. കുഞ്ഞിന് വയ്യാതായിട്ടും ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയെന്നും പരിക്കേറ്റ കുഞ്ഞിന് വേണ്ട ചികിത്സയോ ശുശ്രൂഷയോ പിതാവ് നല്‍കിയില്ലെന്നും യുവതിയുടെ കുടുംബം ആരോപിച്ചു.


കുഞ്ഞിന് വയറ്റിലുണ്ടായ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഒരാഴ്ച്ചയ്ക്കുളളില്‍ ലഭിക്കും. ഫോറന്‍സിക് സര്‍ജന്റെ അഭിപ്രായം കൂടി തേടി പൊലീസ് നടപടി എടുക്കും. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നാണ് വിവരം. കുഞ്ഞിന്റെ കൈയിൽ മൂന്നാഴ്ചയോളം പഴക്കമുള്ള പൊട്ടലുണ്ടെന്നും പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. ബിസ്ക്കറ്റും മുന്തിരിയും കഴിച്ചതിന് പിന്നാലെയാണ് കുഞ്ഞ് മരിച്ചത് എന്നായിരുന്നു മാതാപിതാക്കളുടെ മൊഴി. അതിനാൽ കുഞ്ഞ് കഴിച്ചതെന്ന് കരുതുന്ന ഭക്ഷണത്തിന്റെ സാമ്പിൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു.


ജനുവരി 16ന് രാത്രി 9.30നായിരുന്നു സംഭവം. പിതാവ് വാങ്ങി നല്‍കിയ ബിസ്‌ക്കറ്റ് കഴിച്ച് അരമണിക്കൂറിന് പിന്നാലെ കുഞ്ഞ് ബോധരഹിതനായി വീഴുകയായിരുന്നു. കുഞ്ഞിന്റെ വായില്‍ നിന്ന് നുരയും പതയും വരികയും ചുണ്ടിന്റെ നിറം മാറുകയും ചെയ്തിരുന്നു. ഉടന്‍ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Post a Comment

Previous Post Next Post