ശബരിമല സ്വർണക്കൊള്ളയിൽ വ്യാപക റെയ്ഡുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിർണായക നീക്കം. പ്രതികളുടെ വീടുകളിൽ ഉൾപ്പടെ 21 ഇടങ്ങളിലാണ് ഇഡി പരിശോധന. അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി, എ പത്മകുമാർ, എൻ വാസു, ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധൻ എന്നിവരുടെ വീടുകളിലും ബംഗളൂരുവിലെ സ്മാർട് ക്രിയേഷൻസ് ഓഫീസിലും പരിശോധന തുടരുകയാണ്. കേസില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകിട്ടാന്‍ ഇഡി നീക്കം ആരംഭിച്ചിരുന്നു. തിരുവനന്തപുരത്ത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കാരേറ്റിലെ വീട്ടിലാണ് പരിശോധന നടക്കുന്നത്. തമിഴ്നാട്ടിലും കർണാടകയിലും പരിശോധന നടത്തുന്നുണ്ടെന്നാണ് വിവരം. ഇന്ന് രാവിലെ മുതലാണ് റെയ്ഡ് ആരംഭിച്ചത്.
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബന്ധുക്കളുടെ അടക്കം ബാങ്ക് വിവരങ്ങള്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികളുടെ സാമ്പത്തിക വിവരങ്ങളാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. ആറന്മുളയിലെ പത്മകുമാറിൻ്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. എ പത്മകുമാറിന്റെ ചില ബന്ധുക്കളുടെ വീട്ടിലും ഇഡി പരിശോധന നടത്താന്‍ ആലോചനയുണ്ട്. കൊച്ചി, കോഴിക്കോട് , ബാംഗ്ലൂർ, ചെന്നൈ യൂണിറ്റുകളാണ് പരിശോധന നടത്തുന്നത്. കേരളത്തിലെ പരിശോധനയിൽ സംസ്ഥാനത്തിന് പുറത്തു നിന്നുമുള്ള ഉദ്യോഗസ്ഥരും എത്തി. പ്രതികളുടെ ആസ്തികൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്.

إرسال تعليق