അരി ഉൽപാദനത്തിൽ ചൈനയ്ക്കുണ്ടായിരുന്ന ആധിപത്യം മറികടന്ന് ഇന്ത്യ. ചൈനയെ മറികടന്ന് ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്തെത്തി. ആഗോള അരി ഉദ്പാദനത്തിൽ ഇന്ത്യയുടെ പങ്ക് 28 ശതമാനം കവിഞ്ഞു. ഈ നേട്ടത്തിന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ അംഗീകാരം നൽകിയിട്ടുണ്ട്. 2025 ഡിസംബറിലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ അരി ഉൽപാദനം 152 ദശലക്ഷം മെട്രിക് ടണ്ണിലെത്തിയെന്നും ചൈനയുടെ ഉത്പാദനം 146 ദശലക്ഷം മെട്രിക് ടണ്ണാണെന്നുമാണ് യുഎസ്ഡിഎ വ്യക്തമാക്കുന്നത്. ആദ്യമായാണ് അരി ഉൽപാദനത്തിൽ ഇന്ത്യ ചൈനയെ മറികടക്കുന്നത്. കയറ്റുമതിയിലും വലിയ മുന്നേറ്റമാണ് ഇക്കാലയളവിൽ ഇന്ത്യൻ അരി സ്വന്തമാക്കിയിരിക്കുന്നത്. നിലവിൽ 172 രാജ്യങ്ങളിലേയ്ക്കാണ് ഇന്ത്യൻ അരി കയറ്റുമതി ചെയ്യുന്നത്.
ലോകത്തിലെ ഏറ്റവും കൂടുതൽ ബസ്മതി അരി ഉൽപ്പാദിപ്പിക്കുന്ന രാജ്യവും ഇന്ത്യയാണ്. ബസ്മതി അരിയുടെ കയറ്റുമതി 50,000 കോടി രൂപ കവിഞ്ഞതായാണ് കണക്ക്. ഇന്ത്യൻ ബസുമതി ഇനങ്ങൾക്ക് വ്യത്യസ്തമായ ഒരു ആഗോള വിപണി വികസിച്ചുവന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും നീളം കൂടിയ അരി ധാന്യം ഉൽപ്പാദിപ്പിക്കുന്നതിനുള്ള റെക്കോർഡും ഇന്ത്യയ്ക്കുണ്ട്.

Post a Comment