ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിന് പോളിംഗ് ബൂത്തിലേക്ക് നീങ്ങാൻ ഒരാഴ്ച മാത്രം ശേഷിക്കെ കാർഷിക ജില്ലയായ ഇടുക്കിയിൽ പ്രചാരണതിന് ചൂടേറുന്നു. ജില്ലാ പഞ്ചായത്തും തൊടുപുഴ, കട്ടപ്പന നഗരസഭകളും എട്ട് ബ്ലോക്ക് പഞ്ചായത്തുകളും 52 ഗ്രാമപഞ്ചായത്തുകളുമാണ് ജില്ലയിലുള്ളത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലും ഭൂരിപക്ഷം ഗ്രാമപഞ്ചായത്തുകളിലും എൽഡിഎഫിനായിരുന്നു ഭരണം. എട്ട് ബ്ലോക്ക് പഞ്ചായത്തുകളിൽ ഒപ്പത്തിനൊപ്പമായിരുന്നെങ്കിൽ രണ്ടു നഗരസഭകളും യുഡിഎഫ് കൈയടക്കി.
എന്നാൽ, തുടർന്നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൊടുപുഴയൊഴികെ നാലിടത്തും എൽഡിഎഫിനായിരുന്നു വിജയം.
എന്നാൽ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില് വോട്ട് വിഹിതത്തിൽ അഞ്ചുമണ്ഡലങ്ങളിലും യുഡിഎഫ് വ്യക്തമായ മേല്ക്കോയ്മ നേടുകയും ചെയ്തിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇക്കുറി ജില്ലാപഞ്ചായത്തടക്കം പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുഡിഎഫ് പ്രചാരണം മുന്നേറുന്നത്. സ്ഥാനാർഥി പ്രഖ്യാപനം വൈകിയെങ്കിലും മികച്ച സ്ഥാനാർഥികളെ തന്നെയാണ് രംഗത്തിറക്കിയിരിക്കുന്നത്.
ഭൂപതിവ് ചട്ടഭേദഗതിയിലുടെ ക്രമവത്കരണത്തിന് ഫീസ് ഈടാക്കാനുള്ള നീക്കം, വന്യമൃഗശല്യം, ശബരിമലയിലെ സ്വര്ണക്കൊള്ള, കാർഷികമേഖലയുടെ തകർച്ച, റോഡ് വികസനത്തിൽ വനംവകുപ്പിന്റെ അനാവശ്യ ഇടപെടൽ, സർക്കാരിന്റെ അഴിമതി തുടങ്ങിയ വിഷയങ്ങളാണ് മുഖ്യപ്രചാരണമെങ്കിലും പ്രാദേശിക പ്രശ്നങ്ങളും ശക്തമായി ഉയർത്തുന്നുണ്ട്. ജില്ലയുടെ വികസനത്തിനുതകുന്ന പദ്ധതികളുടെ പോരായ്മകൾ, നിർമ്മാണ നിരോധനത്തിനെതിരേ ജില്ലാ പഞ്ചായത്ത് സ്വീകരിച്ച മൗനം തുടങ്ങിയ നിരവധി ജനകീയ പ്രശ്നങ്ങളാണ് യുഡിഎഫ് ജനങ്ങളുടെ മുന്നില് അവതരിപ്പിക്കുന്നത്.
ഇതേസമയം പതിറ്റാണ്ടുകളായി ജില്ലയിലെ ജനങ്ങള് അഭിമുഖീകരിച്ചിരുന്ന ഭൂപ്രശ്നങ്ങള്ക്ക് ശാശ്വതപരിഹാരമെന്ന നിലയില് നടപ്പാക്കിയ ഭൂപതിവ് ചട്ടഭേദഗതി, ക്ഷേമ പെന്ഷന് വര്ധന, പട്ടയവിതരണം, റോഡ് വികസനം, കുടിവെള്ള പദ്ധതികള്, ലൈഫ് ഭവനനിര്മാണം തുടങ്ങിയവയാണ് എല്ഡിഎഫ് ജനങ്ങള്ക്കുമുന്നില് അവതരിപ്പിക്കുന്നത്. ഇതോടൊപ്പം ജില്ലയിലെ അടിസ്ഥാന സൗകര്യവികനത്തിനായി നടപ്പാക്കിയ ചെറുതുംവലുതുമായ പദ്ധതികള്ക്കു പുറമേ സ്വകാര്യപങ്കാളിത്തത്തോടെ ജില്ലയെ ടൂറിസം ഹബ്ബാക്കി മാറ്റാനായി നടത്തുന്ന പ്രവർത്തനങ്ങളും എല്ഡിഎഫ് ഉയര്ത്തിക്കാട്ടുന്നുണ്ട്.
കേന്ദ്രസര്ക്കാരിന്റെ ഭരണത്തിൻ കീഴില് രാജ്യത്തുണ്ടായ വികസനവും ജനക്ഷേമം മുന് നിര്ത്തി നടപ്പാക്കിയ പദ്ധതികളുമാണ് എന്ഡിഎയുടെ മുഖ്യവിഷയം. കുടുംബയോഗങ്ങള്, കോര്ണര് മീറ്റിംഗുകള്, കണ്വന്ഷനുകള് തുടങ്ങിയവയില് ഊന്നിയാണ് നിലവിലെ പ്രചാരണം മുന്നേറുന്നത്. യുഡിഎഫ്, എല്ഡിഎഫ്, എന്ഡിഎ മുന്നണികളുടെ സംസ്ഥാന, ദേശീയ നേതാക്കളും തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ജില്ലയില് സജീവമാണ്.
തെരഞ്ഞെടുപ്പ് ദിനം അടുത്തുവരുന്നതോടെ പ്രചാരണത്തിന് ഇനിയും മൂർച്ചകൂടും. ജനങ്ങളെ ബാധിക്കുന്ന നിരവധി വിഷയങ്ങള് ഉയര്ത്തിക്കാണിക്കുന്നതോടൊപ്പം പുതിയ വാഗ്ദാനങ്ങള് നല്കാനുമാകും മുന്നണികളുടെയും സ്ഥാനാര്ഥികളുടെയും ശ്രമം. ജില്ലയില് യുഡിഎഫിനും എല്ഡിഎഫിനും തുല്യസാധ്യതയുള്ള തദ്ദേശ തെരഞ്ഞെടുപ്പില് ഇത്തവണ ചരിത്രം തിരുത്താനുള്ള പരിശ്രമത്തിലാണ് എന്ഡിഎ.

Post a Comment