നടി ആക്രമിക്കപ്പെട്ട കേസ്: സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്ന ശിക്ഷാവിധി, പരിപൂര്‍ണ നീതി കിട്ടിയില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍

 


കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പരിപൂർണ നീതി കിട്ടിയില്ലെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്ന ശിക്ഷാവിധിയാണെന്നും പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. അജകുമാർ. പ്രോസിക്യൂഷന് ഒരു തിരിച്ചടിയും ഇല്ലെന്നും അപ്പീല്‍ നല്‍കാൻ സർക്കാരിനോട് ശുപാർശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ശിക്ഷയില്‍ നിരാശനാണെന്നും പബ്ലിക് പ്രോസിക്യൂട്ടർ പ്രതികരിച്ചു. ഇപ്പോള്‍ പ്രഖ്യാപിച്ച ശിക്ഷ കോടതിയുടെ ഔദാര്യമല്ല. പ്രോസിക്യൂഷന്റെ അവകാശമാണ്. വിചാരണയ്ക്കിടയില്‍ ഞങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ പറയണ്ട സ്ഥലങ്ങളില്‍ പറയുമെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി.

കേസില്‍ പള്‍സർ സുനി ഉള്‍പ്പെടെ ആറ് പ്രതികള്‍ക്ക് 20 വർഷം കഠിനതടവും പിഴവും ആണ് എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി ജഡ്ജി ഹണി.എം.വർഗീസ് വിധിച്ചത്. ഒന്നാം പ്രതി എൻ.എസ്.സുനില്‍ (പള്‍സർ സുനി). രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി.മണികണ്ഠൻ, നാലാം പ്രതി വി.പി.വിജീഷ്, അഞ്ചാം പ്രതി എച്ച്‌.സലിം, ആറാം പ്രതി പ്രദീപ് എന്നിവർക്കാണ് കൂട്ടബലാത്സംഗ ശിക്ഷ വിധിച്ചിരിക്കുന്നത്.

കൂട്ടബലാത്സംഗ കുറ്റത്തിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയാണ് 20 വർഷം കഠിനതടവ്. പ്രതികള്‍ വിചാരണ തടവുകാരായി കഴിഞ്ഞ കാലം കൂടി ശിക്ഷാ കാലാവധിയായി കണക്കാക്കുമെന്നാണ് വിധി. പ്രതികളുടെ പ്രായം, ചില പ്രതികള്‍ മുൻപ് കുറ്റം ചെയ്തിട്ടില്ലെന്നതും എല്ലാവരുടെയും കുടുംബ പശ്ചാത്തലവും കണക്കിലെടുത്താണ് കോടതി ശിക്ഷ വിധിച്ചത്.

എല്ലാ പ്രതികള്ക്കും 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. വിചാരണ കാലത്തെ തടവ് കുറച്ച്‌ ശിക്ഷ അനുഭവിച്ചാല്‍ മതിയാകും എന്നും ഉത്തരവില് പറയുന്നു.

Post a Comment

أحدث أقدم