ഹോണടിയോട് ഹോണടി! ശല്ല്യം സഹിക്ക വയ്യാതെ ചോദ്യം ചെയ്തു ; പിന്നാലെ പെട്രോളോഴിച്ച് ഡോക്ടറുടെ കാർ കത്തിച്ച് മദ്യപാനികൾ



മലപ്പുറം :  ഹോൺ അടിച്ചു ശല്യപ്പെടുത്തുന്നത് ചോദ്യം ചെയ്തതിന് കാർ കത്തിച്ചതായി പരാതി. നിലമ്പൂർ സ്വദേശി ഡോ. അസറുദീനാണ് പരാതി നൽകിയത്. ബന്ധുവീട്ടിൽ നിർത്തിയിട്ട അസറുദീന്റെ കാർ കത്തിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നു.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. നിലമ്പൂർ കോടതിപ്പടിക്ക് സമീപമുള്ള ബന്ധു വീട്ടിൽ എത്തിയതായിരുന്നു വീട്ടിക്കുത്ത് സ്വദേശി ചോലക്കപറമ്പിൽ ഡോ. അസറുദീൻ. ബാറിനോട് ചേർന്നാണ് ബന്ധു സ്വപ്നയുടെ വീട്. മദ്യം വാങ്ങാൻ എത്തിയവർ ഹോണടിച്ച് ശല്യപ്പെടുത്തിയത് അസറുദീൻ ചോദ്യം ചെയ്തു. ഇതാണ് കാർ കത്തിക്കാൻ കാരണമെന്നാണ് പരാതി.

പുലർച്ചെ ഒന്നരയോടെയാണ് ബൈക്കിൽ എത്തിയ മൂന്നംഗ സംഘം ഗേയ്റ്റ് തുറന്ന് കൈയിൽ കരുതിയ പെട്രോൾ ഒഴിച്ച് കാർ കത്തിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ പറ്റി വിവരം ലഭിച്ചതായാണ് സൂചന.

Post a Comment

Previous Post Next Post