അയക്കൂറയും ചിക്കനും കിട്ടിയില്ല! കോഴിക്കോട് ബാലുശ്ശേരിയിൽ ഹോട്ടല്‍ അടിച്ചു തകര്‍ത്ത് പാർട്ടിക്കെത്തിയവർ ; പത്തോളം പേർക്ക് പരിക്ക്, നാല് പേർ കസ്റ്റഡിയിൽ



കോഴിക്കോട് : ബാലുശ്ശേരിയിൽ അയക്കൂറ മീൻ കിട്ടാത്തതിന് പിന്നാലെ ഹോട്ടൽ അടിച്ചു തകർത്തു. നന്മണ്ട പതിനാലിലെ ഫോർട്ടിൻസ് ഹോട്ടലിലാണ് സംഘർഷം ഉണ്ടായത്.

ഈ ഹോട്ടലിൽ വച്ച് സംഘടിപ്പിച്ച പാർട്ടിയിൽ പങ്കെടുക്കാൻ എത്തി വരും ഹോട്ടൽ ജീവനക്കാരും തമ്മിലായിരുന്നു സംഘർഷം, പാർട്ടിക്ക് എത്തിയവർ അയക്കൂറ മീനും ചിക്കനും ആവശ്യപ്പെടുകയായിരുന്നു, 

എന്നാൽ അയക്കൂറയും ചിക്കനും തരാൻ പാർട്ടി സംഘടിപ്പിച്ചവർ നിർദ്ദേശം നൽകിയിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞതിന് പിന്നാലെ പ്രകോപിതരായ സംഘം ഹോട്ടലിലെ മേശകളും കസേരകളും അടിച്ചു തകർക്കുകയായിരുന്നു. സംഘർഷത്തിൽ ജീവനക്കാർക്കും പരിക്കേറ്റു. 

വ്യക്തിപരമായ ആഘോഷത്തിൻ്റെ ഭാഗമായി ഹോട്ടലിൽ 40 പേർക്ക് ഭക്ഷണം ഒരുക്കിയിരുന്നു. ചിക്കൻ ബിരിയാണി, ബീഫ് ബിരിയാണി അല്ലെങ്കിൽ മീൻകറിയടക്കമുള്ളവയായിരുന്നു വിഭവങ്ങൾ. ആദ്യം 20 പേരുടെ സംഘം ഹോട്ടലിലെത്തി ഭക്ഷണം കഴിച്ചു മടങ്ങി. ഇതിനുശേഷം ബാക്കിയുള്ളവരും ഹോട്ടലിലെത്തി. ഇവരിൽ ചിലരാണ് ഹോട്ടൽ ജീവനക്കാരോട് അയക്കൂറയും ചിക്കനും ആവശ്യപ്പെട്ടത്.

അയക്കൂറ ഇല്ലെന്നും അയല മതിയോ എന്നും ജീവനക്കാർ ചോദിച്ചു. ഇതോടെയാണ് ആവശ്യപ്പെട്ട വിഭവങ്ങൾ കിട്ടാത്തതിനാൽ സംഘം പ്രകോപിതരായത്. തുടർന്ന് ഇവർ ബഹളം വയ്ക്കുകയും ഹോട്ടലിലെ മേശകളും കസേരകളും അടിച്ചുതകർക്കുകയുമായിരുന്നു. സംഘർഷമുണ്ടാക്കിയ സംഘം ഹോട്ടൽ ജീവനക്കാരെ മർദിച്ചു. പരിക്കേറ്റ 10 ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണ വിവരം അറിഞ്ഞു സ്ഥലത്ത് എത്തിയ പൊലീസിനു നേരെയും സംഘം തട്ടിക്കയറി. നാലുപേരെ ബാലുശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.



Post a Comment

Previous Post Next Post