കേരളത്തിലെ എസ്‌ഐആറിന് അടിയന്തര സ്റ്റേ ഇല്ല; തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ച്‌ സുപ്രിംകോടതി



ന്യൂഡല്‍ഹി: കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ (എസ്‌ഐആര്‍ ) ഹരജികളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ച്‌ സുപ്രിംകോടതി.

ഹർജി 26ന് വീണ്ടും പരിഗണിക്കും.കേരളത്തിലെ ഹരജികള്‍ പ്രത്യേകം പരിഗണിക്കും. കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ക്ക് അടിയന്തര സ്റ്റേയില്ലെന്നും കോടതി അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെ കേട്ടതിന് ശേഷമായിരിക്കും എസ്‌ഐആറില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുക.

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് സാഹചര്യം കോടതിക്ക് ബോധ്യമായതുകൊണ്ടാണ് കേരളത്തിന്റെ ഹരജികള്‍ മാത്രം ഉടൻ പരിഗണിക്കാമെന്ന് അറിയിച്ചതെന്ന് അഭിഭാഷകൻ ഹാരിസ് ബീരാൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷൻ അഭിഭാഷകൻ ഇന്ന് ഹാജരായില്ല.കേസ് നീട്ടി കൊണ്ടുപോകാനുള്ള ഉദ്ദേശ്യം കൊണ്ടായിരിക്കാം അഭിഭാഷകന്‍ ഹാജരാകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.


സംസ്ഥാന സര്‍ക്കാരും മുസ്‍ലിം ലീഗും കോണ്‍ഗ്രസും സിപിഎമ്മും നല്‍കിയ ഹരജികളാണ് ഇന്ന് സുപ്രിംകോടതി പരിഗണിച്ചത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്.തദ്ദേശ തെരഞ്ഞെടുപ്പിനിടെ എസ്‌ഐആർ നടത്തുന്നത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നുമാണ് കേരളത്തിന്‍റെ വാദം.തെരഞ്ഞെടുപ്പ് പൂർത്തിയാകുംവരെ എസ്‌ഐആർ മാറ്റിവയ്ക്കണമെന്നും സർക്കാർ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. എസ്‌ഐആർ ഭരണഘടനാ വിരുദ്ധമാണ് എന്നാണ് പാർട്ടികള്‍ ഹരജികളിലെ വാദം.

Post a Comment

Previous Post Next Post