പമ്പ: ശബരിമലയിലെ അന്നദാന മെനുവില്‍ മാറ്റം വരുത്തിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ.
മുൻപ് ശബരിമലയില്‍ അന്നനാദത്തിന് പുലാവും സാമ്ബാറുമായിരുന്നുവെന്നും അത് മാറ്റി സദ്യയാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ശബരിമലയിലെ അന്നദാനത്തില്‍ ഒരു നല്ല തീരുമാനം എടുത്തു. നേരത്തെ ഉണ്ടായിരുന്ന മെനുവില്‍ ഉച്ചയ്ക്ക് പുലാവും സാമ്ബാറുമായിരുന്നു. ഇത് മാറ്റി കേരളീയമായ സദ്യ കൊടുക്കണമെന്ന് തീരുമാനം എടുത്തിരിക്കുകയാണ്. വെറും സദ്യയല്ല. പപ്പടവും പായസവുമെല്ലാമുള്ള സദ്യ. കാരണം ഇത് ദേവസ്വം ബോർഡിന്റെ പണമല്ല.അയ്യപ്പൻമാർക്ക് നല്ല ഭക്ഷണം നല്‍കാൻ ഭക്തജനങ്ങള്‍ നല്‍കുന്ന പണമാണ്.
ആ പണം ഉപയോഗിച്ച് ഏറ്റവും നല്ല സദ്യ അയ്യപ്പൻമാർക്ക് നല്‍കും. ഇന്ന് തീരുമാനം എടുത്തു. നാളെ അല്ലെങ്കില്‍ മറ്റന്നാള്‍ അത് നടപ്പില്‍ വരും. പന്തളത്തെ അന്നനാദവും മെച്ചപ്പെടുത്തു. ശബരിമല തീർത്ഥാടനം മെച്ചപ്പെടുത്താൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയാണ്. ഡിസംബർ 18-ാം തീയതി ഒരു യോഗം കൂടും'- കെ ജയകുമാർ വ്യക്തമാക്കി.

Post a Comment