രണ്ടാഴ്ച കഴിഞ്ഞിട്ടും പനി കുറയുന്നില്ല; ആലുവയിലെ ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടര്‍ നിര്‍ദേശിച്ചത് പെറ്റ് സ്കാൻ; പരിശോധനയില്‍ 36കാരന്റെ കരളില്‍ നിന്നും കണ്ടെത്തിയത് നാല് സെന്റി മീറ്ററോളം നീളം വരുന്ന മീൻ മുള്ള്!




കൊച്ചി: രണ്ടാഴ്ച കഴിഞ്ഞിട്ടും പനി വിട്ടുമാറാതെ വന്നതോടെയാണ് പെരുമ്പാവൂർ സ്വദേശിയായ 36 വയസുകാരൻ ആലുവയിലെ ആശുപത്രിയില്‍ എത്തുന്നത്. 

ആദ്യം സാധാരണ പനിയാണെന്ന് വിചാരിച്ച്‌ അത്ര കാര്യമാക്കിയെടുത്തില്ലെങ്കിലും രണ്ടാഴ്ചയായിട്ടും പനി കുറയാതെ വന്നതോടെയാണ് യുവാവ് ആലുവ രാജിഗിരി ആശുപത്രിയിലെത്തിയത്. വിട്ടുമാറാത്ത ചുമ, പനി എന്നീ ലക്ഷണങ്ങളോടെയാണ് യുവാവ് ആശുപത്രിയില്‍ എത്തിയത്. ആദ്യം ജനറല്‍ മെഡിസിൻ വിഭാഗത്തിലാണ് ചികിത്സ തേടിയത്. എന്നാല്‍ രണ്ടാഴ്ചയായിയിട്ടും പനി കുറഞ്ഞില്ല എന്ന് വ്യക്തമായതോടെ ഡോക്ടർ പെറ്റ് സ്കാനിന് വിധേയനാവാൻ നിർദേശിച്ചു. തുടർന്ന് നടന്ന പെറ്റ് സ്കാനിലാണ് യുവാവിന്റെ കരളില്‍ എന്തോ ഒന്ന് തറച്ച്‌ നില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്.


മാത്രമല്ല മരണത്തിലേക്ക് പോലും നയിച്ചേക്കാവുന്ന തരത്തില്‍ കരളില്‍ പഴുപ്പും കണ്ടെത്തി. പിന്നാലെ അടിയന്തരമായി ഗ്യാസ്ട്രോ സർജറി വിഭാഗത്തിലെത്തിച്ച്‌ യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അടിയന്തര ശസ്ത്രക്രിയയിലൂടെ കരളില്‍ തറച്ച മീൻ മുള്ള് പുറത്തെടുക്കുകയും ചെയ്തു. ഭക്ഷണംകഴിച്ചതിനിടെ അബദ്ധത്തില്‍ മീൻ മുള്ള് അകത്തുപോയതാവാം. 

എന്നാല്‍ ഇത് യുവാവിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. രണ്ട് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം യുവാവ് ആശുപത്രി വിട്ടതായാണ് രാജഗിരി ആശുപത്രി അധികൃതർ അറിയിച്ചു. നാല് സെന്റി മീറ്ററോളം നീളം വരുന്ന മീൻ മുള്ളാണ് 36കാരന്റെ കരളില്‍ നിന്നും പുറത്തെടുത്തത്.

Post a Comment

Previous Post Next Post