ഇടുക്കി: നെടുങ്കണ്ടത്ത് ഇലക്ഷൻ പ്രചാരണ പ്രവർത്തനങ്ങളില്‍ പങ്കെടുക്കുന്നവർക്ക് വിതരണം നടത്തുവാനായി തയ്യാറാക്കിയ ചാരായവും കോടയുമായി ഒരാള്‍ പിടിയില്‍. അഞ്ചു ലിറ്റർ വാറ്റുചാരായവും 25 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളുമായി പൊന്നാമല കാരിമലയില്‍ ബിജു കുര്യനാണ് ഇടുക്കി എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിന്റെ പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു
നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പൊന്നാമല മേഖലയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ സജീവ പ്രചാരകനായിരുന്നു പിടിയിലായ ബിജു കുര്യൻ. പകല്‍ ഇലക്ഷൻ പ്രചരണവും രാത്രി വാറ്റുമായിരുന്നു ഇയാളുടെ പണിയെന്നാണ് എക്സൈസ് പറയുന്നത്.
ഇടുക്കി എക്സൈസ് സ്പെഷ്യല്‍സ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
ഇയാളുടെ പേരിലുള്ള ആള്‍താമസമില്ലാത്ത വീട്ടിനുള്ളിലാണ് ചാരായം വാറ്റിയിരുന്നത്. എക്സൈസ് സംഘം വീടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ വാറ്റുവാൻ ആവശ്യമായ ഉപകരണങ്ങളും പിടിച്ചെടുത്തു. ഇലക്ഷൻ സ്പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ചാണ് പരിശോധന നടത്തിയത്.
ഇടുക്കി എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് ഇൻസ്പെക്ടർ രാജേഷ്‌കുമാർ കെ വിയുടെ പരിശോധനക്ക് നേതൃത്വം നല്‍കി. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് എക്സൈസ് സംഘം പരിശോധിച്ചു വരികയാണ്.

إرسال تعليق