വാഗമൺ: വിനോദസഞ്ചാരകേന്ദ്രമായ വാഗമൺ ഇപ്പോൾ ലഹരിവിൽപ്പനയുടെ ഹബ്ബായി മാറുന്നു. വാഗമണ്ണിലേക്ക് ഈരാറ്റുപേട്ട, കാഞ്ഞാർ, പീരുമേട്, ഉപ്പുതറ എന്നീ നാല് പ്രധാന വഴികളാണുള്ളത്. ഈ വഴികളിലുള്ള വാഹന പരിശോധനയുടെ കുറവ് മയക്കുമരുന്നിന്റെ ഒഴുക്കിന് മുഖ്യകാരണമാകുന്നു.
ബെംഗളൂരുപോലുള്ള നഗരങ്ങളിൽനിന്നാണ് സിന്തറ്റിക് ഡ്രഗ്‌സ് പ്രധാനമായും വാഗമണ്ണിലെത്തുന്നത്. വാഗമൺ പോലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടർ ഉൾപ്പെടെ 30 പോലീസുകാർ മാത്രമാണുള്ളത്. സ്റ്റേഷനിൽ എസ്ഐ തസ്തികയിൽ സ്ഥിരം നിയമനമായിട്ടില്ല. എസ്ഐ മറ്റ് സ്റ്റേഷനുകളിൽനിന്ന് അറ്റാച്ച് ചെയ്ത നിലയിലാണ്.
നിലവിലുള്ള പോലീസുകാർക്ക് കോടതി ആവശ്യങ്ങൾ, സമൻസ് ഡ്യൂട്ടി, ദൈനംദിന ഡ്യൂട്ടികൾ എന്നിവയ്ക്കുപുറമേ, ടൂറിസം കേന്ദ്രങ്ങളായ മൊട്ടക്കുന്നിലും പൈൻകാട്ടിലും സൂയിസൈഡ് പോയിന്റിലുമെല്ലാം ഡ്യൂട്ടി നിൽക്കുക എന്നീ ചുമതലകളുണ്ട്.
വാഗമൺ കേന്ദ്രീകരിച്ചുള്ള രാത്രി പട്രോളിങ്ങിനും സാധാരണ പെട്രോളിങ്ങിനുമുള്ള ഓഫീസർമാരുടെ കുറവ് സ്റ്റേഷനിലെ പ്രവർത്തനങ്ങളെ ബാധിക്കുന്നു. ആയിരക്കണക്കിന് വിനോദസഞ്ചാരികൾ വന്നുപോകുന്ന ടൗണിൽ ടൂറിസം പോലീസിന്റെ അഭാവം ഏറ്റവും വലിയ പ്രശ്നമായി നിലനിൽക്കുന്നു.
വാഗമൺ ഉൾപ്പെടുന്ന എക്സൈസ് ഓഫീസ് പ്രവർത്തിക്കുന്നത് പീരുമേട്ടിലാണ്. വാഗമണ്ണിൽ ഒരു എക്സൈസ് ഓഫീസ് അത്യാവശ്യമാണ്. റിസോർട്ടുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനകളും വളരെ കുറവാണ്.

Post a Comment