അംഗണവാടിയിലെത്തി ജീവനക്കാരിയെ അസഭ്യം പറഞ്ഞ് ഇടത് സ്ഥാനാർത്ഥി ; സംഭവത്തിൽ പൊലീസില്‍ പരാതി നല്‍കി ജീവനക്കാരി


ഇടുക്കി : വണ്ണപ്പുറത്ത് അംഗണവാടിയിൽ എത്തി ജീവനക്കാരിയെ അസഭ്യം പറഞ്ഞ് ഇടത് സ്ഥാനാർത്ഥി. സിപിഎം സ്ഥാനാർത്ഥി ലിജോ ജോസാണ് വോട്ട് ചോദിച്ചെത്തിയ സമയത്ത് അസഭ്യം പറഞ്ഞത്.

അങ്കണവാടിയില്‍ കുട്ടികള്‍ ഉള്ളപ്പോഴാണ് സംഭവം. വണ്ണപ്പുറം പഞ്ചായത്തിലെ പതിമൂന്നാം വാർഡ് സ്ഥാനാർത്ഥിയാണ് ലിജോ ജോസ്. അങ്കണവാടി ഹെല്‍പ്പർ നബീസയ്ക്കാണ് ദുരനുഭവം ഉണ്ടായത്. ഇവർ കാളിയാർ പൊലീസില്‍ പരാതി നല്‍കി. സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നു.

നബീസ പറയുന്നതിങ്ങനെ

"ഉച്ചയ്ക്ക് ഒരു മണിക്കാണ് ലിജോ ജോസ് അങ്കണവാടിയില്‍ എത്തിയത്. നേരത്തെ എന്‍റെ വോട്ട് വെട്ടിയതിനെതിരെ ഞാൻ ലിജോയോട് പറഞ്ഞിരുന്നു. നീ എന്‍റെ വോട്ട് വെട്ടി, പിന്നെയെങ്ങനെ വോട്ട് ചെയ്യുമെന്ന് ചോദിച്ചു. ഇന്നലെ ഇവിടെ വന്നപ്പോള്‍ നിന്‍റെ വോട്ട് എനിക്ക് വേണ്ട, ആർക്കാണെന്ന് വച്ചാല്‍ കൊടുത്തോ എന്ന് എന്നോട് പറഞ്ഞു. എന്‍റെ വ്യക്തിപരമായ കാര്യമല്ലേ വോട്ട്, അതില്‍ ഇടപെടേണ്ടെന്ന് ഞാനും പറഞ്ഞു. അപ്പോഴാണ് എന്നെ അസഭ്യം പറഞ്ഞത്. അവസാനം ഞാൻ വർഗീയവാദിയാണ്, ലീഗിന്‍റെ ആളാണ്, പിഡിപിയുടെ ആളാണ് എന്നെല്ലാം പറഞ്ഞു. അംഗണവാടിയിലെ കുട്ടികളുടെ മുന്നില്‍ വച്ചായിരുന്നു ഇത്. ഞാൻ പരാതി കൊടുത്തിട്ടുണ്ട്"

അതേസമയം സിപിഎം ഇതുവരെ ഇതുസംബന്ധിച്ച്‌ വിശദീകരണം നല്‍കിയിട്ടില്ല. വീഡിയോ പരിശോധിച്ച്‌ അന്വേഷണത്തിന് ശേഷം തുടർ നടപടികള്‍ സ്വീകരിക്കുമെന്ന് കാളികാവ് പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post