താൻ വീട്ടുതടങ്കലിലാണെന്ന് അറിയിച്ച് സോനം വാങ്ചുക്; 'ഡസൺ കണക്കിന് സായുധ സേന വീട് വളഞ്ഞിരിക്കുകയാണ്'


 ലേ : ലഡാക്കിലെ പ്രതിഷേധ വേദിയിൽ നിന്ന് പൊലീസ് ബലമായി നീക്കിയതിന് പിന്നാലെ താൻ വീട്ടുതടങ്കലിലാണെന്ന് അറിയിച്ച് സോനം വാങ്ചുക്. ലഡാക്കിലെ തന്റെ വസതിക്ക് പുറത്ത് ഇരുപത്തിയഞ്ചോളം പൊലീസുകാരെയും അർദ്ധസൈനികരെയും വിന്യസിച്ചിട്ടുണ്ടെന്നും സമാധാനപരമായി പ്രതിഷേധിക്കാനുള്ള തന്റെ അവകാശം നിഷേധിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. 


വ്യാഴാഴ്ച രാത്രി എക്സ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് വാങ്ചുക് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ബുധനാഴ്ച രാത്രി മുതൽ വീടിന് പുറത്ത് ഒന്നിലധികം വാഹനങ്ങളും ടെന്റുകളുമായി സുരക്ഷാ ഉദ്യോഗസ്ഥർ തമ്പടിച്ചിരിക്കുകയാണ്. പകൽ സമയത്ത് വീടിന്റെ എല്ലാ വശങ്ങളിലും തോക്കേന്തിയ സൈനികർ നിലയുറപ്പിച്ചിട്ടുള്ളതിനാൽ തന്റെ സഞ്ചാര സ്വാതന്ത്ര്യം പൂർണ്ണമായും തടയപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. 


സുരക്ഷാ കാരണങ്ങളാൽ 'വീട്ടിൽ തുടരാൻ ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്ന' അധികൃതരുടെ വാദത്തെ തള്ളിയ അദ്ദേഹം, ഇത്രയും വലിയ സുരക്ഷാ സന്നാഹം വീട്ടുതടങ്കലിന് തുല്യമാണെന്നും ചൂണ്ടിക്കാട്ടി. ഔദ്യോഗികമായി അറസ്റ്റ് ചെയ്യാതെ സമാധാനപരമായ പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് ഒരാളെ എങ്ങനെ തടയാനാകുമെന്നും വാങ്ചുക് ചോദിച്ചു. ഈ വിലക്കുകൾക്കെതിരെ മജിസ്‌ട്രേറ്റ് കോടതി മുതൽ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും വരെ നിയമപോരാട്ടം നടത്തുമെന്നും വ്യക്തമാക്കി.

Post a Comment

Previous Post Next Post