മകൻ വയോധികയായ അമ്മയെ മർദിച്ച് കൊലപ്പെടുത്തി; കൊലപാതകം മദ്യം വാങ്ങാൻ പണം നൽകാഞ്ഞതിന്, സംഭവം ഫോർട്ട്കൊച്ചിയിൽ

 


കൊച്ചി : മദ്യം വാങ്ങാൻ പണം നൽകാത്തതിനാൽ ഫോർട്ട്കൊച്ചിയിൽ മകൻ വയോധികയായ അമ്മയെ ചവിട്ടിയും ദേഹോപദ്രവം ഏൽപ്പിച്ചും കൊലപ്പെടുത്തി. മകൻ മദ്യലഹരിയിൽ ആയിരുന്നു. ഫോർട്ട് കൊച്ചി അമരാവതികരയിൽ വിശാലാക്ഷി ലൈനിൽ താമസിച്ചിരുന്ന 78കാരിയായ ലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. 


സംഭവത്തിന് പിന്നാലെ മകൻ കണ്ണനെ പോലീസ് പിടികൂടി. ഇന്നലെ വൈകുന്നേരം ആണ് നാടിനെ നടുക്കിയ കൊലപാതകം. മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് മദ്യലഹരിയിൽ എഴുപത്തിയെട്ടുകാരിയായ അമ്മയെ ചവിട്ടിയും ദേഹോപദ്രവം ഏൽപ്പിച്ചും മകൻ കൊലപ്പെടുത്തുകയായിരുന്നു. ലക്ഷ്മിയുടെ മകൻ കണ്ണനെ ഫോർട്ട് കൊച്ചി പോലീസ് അറസ്റ്റ് ചെയ്തു. 


പ്രതി മദ്യപിക്കാനായി അമ്മയോട് പണം ആവശ്യപ്പെടുകയും കൊടുക്കാതിരിക്കുമ്പോൾ ഉപദ്രവിക്കുന്നതും സ്ഥിരമായിരുന്നു. ഇന്നലെ രാവിലെ പണം ചോദിച്ചപ്പോൾ കൊടുത്തില്ല. തുടർന്ന് വൈകുന്നേരം മദ്യപിച്ച് വന്ന് അമ്മയെ ഉപദ്രവിക്കുകയായിരുന്നു. വീട്ടിലെ ഗ്യാസ് സിലിണ്ടർ പ്രതിയുടെ സഹോദരന് അമ്മ എടുത്തു നൽകിയതും പ്രകോപന കാരണമായി. വീട്ടിലെ ഹാളിൽ വച്ചായിരുന്നു മാതാവിനെ ചവിട്ടിയും മർദ്ദിച്ചും അവശിയാക്കിയത്. തുടർന്ന് ലക്ഷ്മിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 


മകളായ ഷൈലയാണ് സഹോദരൻ അമ്മയെ കൊലപ്പെടുത്തിയ വിവരം പോലീസിനെ അറിയിച്ചത്. കണ്ണനെതിരെ കൊലപാതക കുറ്റം ചുമത്തി ഫോർട്ട് കൊച്ചി പോലീസ് കേസെടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കും. ഫോറൻസിക്, വിരലടയാള വിദഗ്ദ്ധരും ഫോർട്ട് കൊച്ചിയിലെ വീട്ടിലെത്തി തെളിവ് ശേഖരിച്ചു. ലക്ഷ്മിയുടെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ.പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Post a Comment

Previous Post Next Post