തിരുവനന്തപുരം : സ്വകാര്യ കമ്പനികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ വൈദ്യുതി ക്ഷാമം കൃത്രിമമായി സൃഷ്ടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വൈദ്യുതിയുടെ ലഭ്യത മെച്ചപ്പെടുന്ന സാഹചര്യമാണ് പൊതുവെയുള്ളത്. എന്നാല്‍ മുഖ്യമന്ത്രി പറയുന്നത് വൈദ്യുതിരംഗത്ത് വലിയ പ്രതിസന്ധിയാണെന്നാണ്. അങ്ങനെ പറയുന്നതിന്റെ അടിസ്ഥാനം എന്താണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
സ്വകാര്യ കുത്തകകളുടെ താല്‍പ്പര്യത്തിന് അനുസരിച്ചുള്ള പ്രതിസന്ധി സൃഷ്ടിക്കലാണോ എന്ന് പരിശോധിക്കണം. വൈദ്യുതിയുടെ കാര്യത്തില്‍ പ്രധാന ഉത്തരവാദിത്തം കെഎസ്ഇബിക്കാണ്. വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നേരെയാണെന്ന് പറയാന്‍ പറ്റില്ല. കെഎസ്ഇബിയും മന്ത്രിയും എടുത്ത തീരുമാനത്തിനെതിരായ കാര്യങ്ങള്‍ മുഖ്യമന്ത്രിക്ക് ചെയ്യാന്‍ കഴിയുമോ എന്നും പിണറായി ചോദ്യമുന്നയിച്ചു.
നേരെ ചൊവ്വേ നടക്കാന്‍ പറ്റാത്തത് നടക്കുന്നെന്നും എന്തിനാണ് വൈദ്യുതി വകുപ്പും മന്ത്രിയുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അവര്‍ എടുക്കുന്ന തീരുമാനത്തില്‍ പാളിച്ച വന്നാല്‍ മുഖ്യമന്ത്രിക്ക് ഇടപെടാം. എന്നാല്‍ ഇവിടെ അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി. ജിഎന്‍എ വൈദ്യുതി ഉദ്പാദിപ്പിക്കുന്ന കമ്പനി അല്ല. ഒരു പ്ലാറ്റ്‌ഫോം മാത്രമാണ്. ടെന്‍ഡര്‍ ഇല്ലാതെ വൈദ്യുതി വാങ്ങാനുള്ള സമ്മര്‍ദ്ദം എങ്ങനെ ഉണ്ടായി എന്നും അദ്ദേഹം ചോദിച്ചു.
ജിഎന്‍എ തരാന്‍ പോകുന്നത് എവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയാണ്. കരാറിനെതിരെ കെഎസ്ഇബി തന്നെ കത്ത് നല്‍കിയിരുന്നു. സര്‍ക്കാരിനെ വിമര്‍ശിക്കാത്ത ചിലര്‍ തന്നെ കത്ത് പുറത്ത് വിട്ടു. രാജമാണിക്യം പ്രാപ്തനായ ഉദ്യോഗസ്ഥനാണ്. ടെന്‍ഡര്‍ ഇല്ലാതെ വൈദ്യുതി വാങ്ങുന്നതിലെ ശരികേട് അദ്ദേഹം ശ്രദ്ധയില്‍പ്പെടുത്തി. സര്‍ക്കാര്‍ തീരുമാനത്തിന് വഴങ്ങാത്തതിനാല്‍ രാജമാണിക്യത്തെ മാറ്റിയെന്നും പിണറായി ആരോപിച്ചു. എന്നാല്‍ കെഎസ്ഇബിയും രാജമാണിക്യവും എതിര്‍പ്പ് അറിയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. അത് കെഎസ്ഇബി കത്തിന് വിരുദ്ധമാണ്. എന്താണ് ഇതിലെ അന്തര്‍നാടകങ്ങള്‍ എന്നും കരാറുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പുറത്തുവിടണമെന്നും പിണറായി ആവശ്യപ്പെട്ടു.

Post a Comment