പള്ളി തിരുന്നാളിന് ‘പള്ളിക്കെട്ട് ശബരിമലയ്ക്ക്’ പാടി; ഗാനമേള തടയാന്‍ ശ്രമിച്ചയാളെ ഇറക്കിവിട്ട് നാട്ടുകാർ, സംഭവം പാലാ കിഴപറയാര്‍ പള്ളിയില്‍

 


പാലാ : കിഴപറയാര്‍ പള്ളിയില്‍ തിരുനാളിനോട് അനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെ പള്ളിക്കെട്ട് ശബരിമലയ്ക്ക് പാട്ട് പാടിയത് തടയാന്‍ ശ്രമിച്ച ആളെ ഇറക്കി വിട്ടു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. 


പരിപാടിക്കിടെ പള്ളിക്കെട്ട് ശബരിമലയ്ക്ക് എന്ന അയ്യപ്പഭക്തിഗാനം ആവേശത്തില്‍ പാടുകയായിരുന്നു ഗായകന്‍ റഷീദ്. ഇതിനിടെയാണ് വേദിയില്‍ വെള്ളഷര്‍ട്ടും മുണ്ടും ധരിച്ച ആള്‍ കയറി വന്നത്. തുടര്‍ന്ന് ഗായകനെ തടഞ്ഞ ഇയാള്‍ ക്രിസ്തീയ ഗാനങ്ങള്‍ പാടിയാല്‍ മതിയെന്നും പള്ളിക്കെട്ട് പാടേണ്ടെന്നും ഗായകനോട് പറഞ്ഞു. 


ഇതോടെ വേദിക്ക് പരിസരമുണ്ടായിരുന്നവര്‍ കൂക്കിവിളിക്കുന്നതും പള്ളിക്കെട്ട് പാടണമെന്ന് ഉറക്കെ പറയുന്നതും കേള്‍ക്കാം. ഇയാള്‍ നാട്ടുകാരനല്ലെന്നാണ് വിഡിയോയില്‍ പറയുന്നത്. പിന്നാലെ വേദിയില്‍ കയറിയവര്‍ ഇയാളെ പിടിച്ച് വേദിയില്‍ നിന്ന് ഇറക്കിവിടുന്നുണ്ട്. ഇതിനിടെ ‘ഈ നാട്ടുകാരനല്ല ഇതെന്നും ഈ നാട്ടുകാരനാണെങ്കില്‍ പോലും കൊടുക്കെന്നും’ ആളുകള്‍ പറയുന്നത് വിഡിയോയില്‍ കേള്‍ക്കാം. 


പിന്നാലെ ഇയാളെ ആളുകള്‍ പ്രദേശത്ത് നിന്ന് മാറ്റുന്നതും കാണാം. എന്തായാലും ഇതിനു പിന്നാലെ വീണ്ടും പള്ളിക്കെട്ട് ഗായകന്‍ പാടി. രണ്ട് പാട്ട് എന്നതിന് പകരം പള്ളിയിലെ അച്ചന്റെ ആവശ്യപ്രകാരം ‘പമ്പാ ഗണപതി’ ഉള്‍പ്പെടെ അഞ്ച് പാട്ട് പാടാനും സംഘാടകര്‍ നിര്‍ദേശിച്ചു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പള്ളിപ്പറമ്പില്‍ അ്യ്യപ്പ ഭക്തിഗാനം മുസ്ലിം ഗായകന്‍ ആലപിക്കുന്നതാണ് മതേതര കേരളത്തിന്റെ സൗന്ദര്യം എന്ന മട്ടിലുള്ള കമന്റുകളിട്ടാണ് ജനം വിഡിയോ ഏറ്റെടുത്തിരിക്കുന്നത്.

Post a Comment

Previous Post Next Post