ഡൽഹി : ഹരിത പടക്കങ്ങൾ മാത്രം വിൽക്കാനുള്ള സുപ്രീംകോടതി അനുമതിയുടെ മറവിൽ ഡൽഹിയിൽ വിൽക്കുന്നതിൽ ഭൂരിഭാഗവും സാധാരണ പടക്കങ്ങൾ. വ്യാജ ഹരിത പടക്കങ്ങളാണ് നഗരത്തിലെ പ്രധാന മാർക്കറ്റുകളിലടക്കം പരസ്യമായി വിൽക്കുന്നത്. വ്യാജ പടക്കങ്ങൾ നഗരത്തിൽ ഉപയോഗിക്കുന്നതോടെ വായുമലിനീകരണതോത് ഗുരുതരമാകുമെന്നാണ് ആശങ്ക.
ഡൽഹിയിൽ ഹരിത പടക്കങ്ങൾ മാത്രം വിൽക്കാനും പൊട്ടിക്കാനുമാണ് കോടതി അനുമതി നൽകിയിട്ടുള്ളത്. 7, 8 തീയതികളിൽ രാവിലെ 6 മുതൽ 7 വരെയും രാത്രി 8 മുതൽ 10 വരെയും സർട്ടിഫൈഡ് ഹരിത പടക്കങ്ങൾ പൊട്ടിക്കാനാണ് അനുമതി. നഗരത്തിലെ പ്രധാന വിൽപന കേന്ദ്രമായ സദർ ബസാറിലെ കാഴ്ചയാണിത്. മാർക്കറ്റിൻ്റെ ഒരുഭാഗത്ത് നിറയെ പടക്കങ്ങളാണ് വിൽപന, ഹരിത പടക്കങ്ങൾ മാത്രമാണ് വിൽക്കുന്നത് എന്നാണ് കടക്കാർ പറയുന്നത്.
ഏറ്റവും കൂടുതൽ കണ്ട രണ്ട് മോഡൽ പടക്കങ്ങൾ വാങ്ങി നോക്കി. ഹരിത പടക്കങ്ങളുടെ പാക്കറ്റിന് മുകളിൽ തിരിച്ചറിയാനുള്ള ക്യുആർ കോഡ് പ്രിന്റ് ചെയ്യണമെന്നാണ് നിർദേശം, എന്നാൽ ഹരിത പടക്കം എന്നെഴുതിയിട്ടുണ്ട്, പലതും പച്ച നിറമുള്ള പാക്കറ്റുമാണ്, പക്ഷെ ക്യുആർ കോഡ് മാത്രം ഇല്ല. വ്യാജ ഹരിത പടക്കമാണെന്ന് ചുരുക്കം.

Post a Comment