യുഡിഎഫ് സർക്കാരിന്റെ 2 വൈദ്യുതി കരാറുകളിൽ കോടികളുടെ അഴിമതിയെന്ന് ആരോപണം; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സിപിഎം

 


തിരുവനന്തപുരം : യുഡിഎഫ്‌ സര്‍ക്കാരിന്റെ രണ്ട്‌ വൈദ്യുതി കരാറിലും നടന്ന അഴിമതിയെക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന്‌ സിപിഎം. വിഇഎച്ച്‌ ഗ്ലോബല്‍ ഇന്ത്യയുമായി 200 മെഗാവാട്ടും ഹിമാചലില്‍ നിന്ന്‌ 900 മെഗാവാട്ടും വൈദ്യുതി വാങ്ങിയതില്‍ കോടികളുടെ അഴിമതി നടന്നുവെന്നാണ്‌ പുറത്തുവന്ന രേഖകള്‍ വ്യക്തമാകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. 


കാറ്റാടിയില്‍ നിന്നുള്ള വൈദ്യുതിയാണ്‌ വി ഇ എച്ച്‌ ഗ്ലാബല്‍ ഇന്ത്യയില്‍ നിന്ന്‌ യൂണിറ്റിന്‌ 11 രൂപ നിരക്കില്‍ വാങ്ങിയത്‌. കാറ്റാടിയില്‍ നിന്നുള്ള വൈദ്യുതി ഏറ്റവും കുറഞ്ഞ നിരക്കില്‍ ലഭ്യമാണ്‌. എന്നാല്‍ ഇരട്ടിയിലധികം തുക നല്‍കിയാണ്‌ വി ഇ എച്ചില്‍ നിന്ന്‌ വൈദ്യുതി വാങ്ങിയത്‌. ഹിമാചലില്‍ നിന്നുള്ള വൈദ്യുതിയാവട്ടെ എനര്‍ജി എക്‌സ്‌ചേഞ്ചിലെ നിരക്കിനേക്കാള്‍ ഏറ്റവും കൂടിയ നിരക്കാണുതാനും. ഒക്‌ടോബര്‍ മാസം കെ എസ്‌ ഇ ബി 282 കോടി രൂപയുടെ വൈദ്യുതിയാണ്‌ കരാര്‍ പ്രകാരം വാങ്ങിയതെന്നും സി പി എം ചൂണ്ടിക്കാട്ടി. 


യു ഡി എഫ്‌ സര്‍ക്കാരിനെ പലപ്പോഴും ന്യായീകരിക്കുന്ന മാധ്യമങ്ങള്‍പോലും ഈ രണ്ട്‌ കരാറുകളും സര്‍ക്കാരിന്‌ കോടികളുടെ നഷ്‌ടമുണ്ടാക്കിയെന്നാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തതെന്നും സി പി എം കൂട്ടിച്ചേർത്തു. ടെന്‍ഡറോ റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോ നിയമ - ധന വകുപ്പുകളുടെ പരിശോധനയോ ഇല്ലാതെ ഫയലിന്മേല്‍ അതിവേഗം മുഖ്യമന്ത്രി നേരിട്ടാണ്‌ ഉത്തരവ്‌ നല്‍കുന്നത്‌. വിവിധ വകുപ്പുകള്‍ മുഖ്യമന്ത്രി തന്നെ കൈവശംവച്ചത്‌ അഴിമതി നടത്താനാണെന്ന്‌ നേരത്തെ സംശയം ഉയര്‍ന്നുവന്നിരുന്നു. അത്‌ ശരിയാണെന്ന്‌ തെളിഞ്ഞിരിക്കുകയാണെന്നും സി പി എം അഭിപ്രായപ്പെട്ടു. 

Post a Comment

Previous Post Next Post