കൊച്ചി : ചേരാനല്ലൂർ ബെൻസ് കാർ അപകടക്കേസിൽ പ്രതിയായ അഡീഷണൽ ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കൊല്ലപ്പെട്ട മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതിയിൽ എതിർസത്യവാങ്മൂലം ഫയൽ ചെയ്തു. പ്രതിയുടെ ഔദ്യോഗിക പദവിയും സ്വാധീനവും കേസിന്റെ അന്വേഷണത്തെ അട്ടിമറിക്കാൻ ഇടയാക്കുമെന്ന് സത്യവാങ്മൂലത്തിൽ കുടുംബം ചൂണ്ടിക്കാണിക്കുന്നു.
അപകടത്തിന് ശേഷം ജഡ്ജിയും ഭാര്യയും സംഭവസ്ഥലത്ത് മൂന്ന് മണിക്കൂറോളം ചെലവഴിച്ചെന്നും ഈ സമയത്ത് തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നുവെന്നും കുടുംബം ആരോപിക്കുന്നു. അതിനാൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല സംരക്ഷണം റദ്ദാക്കണമെന്നും കേസിൽ സ്വതന്ത്ര അന്വേഷണത്തിന് അവസരം നൽകണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. അഡീഷണൽ ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി വാദം കേൾക്കാനായി പരിഗണിക്കും.
കേസിൽ ജഡ്ജിക്കെതിരെ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നൽകിയിരുന്നു. കേസിലെ പ്രതിയായ 17-കാരന്റെ അച്ഛനും വാഹന ഉടമയുമായ ജഡ്ജി തെളിവുകൾ നശിപ്പിച്ചു എന്ന പരാതിയിലാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസിപി മൊഴിയെടുത്തത്.

Post a Comment