ചേരാനല്ലൂര്‍ വാഹനാപകടക്കേസ്; പ്രതിയായ പതിനേഴുകാരന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി, മുൻപും കാറും ബൈക്കും ഓടിച്ചു


 കൊച്ചി : ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ പ്രതിയായ പതിനേഴുകാരന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി അന്വേഷണ സംഘം. വ്യാഴാഴ്ചയാണ് മൊഴി രേഖപ്പെടുത്തിയത്. പിതാവിന്റെ സാന്നിധ്യത്തില്‍ അല്ലാതെ മൊഴി രേഖപ്പെടുത്താന്‍ ജില്ലാ ക്രൈം ബ്രാഞ്ച് കോടതിയില്‍ നിന്ന് അനുമതി വാങ്ങിയിരുന്നു. സോഷ്യല്‍ ബാഗ്രൗണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുന്നോടിയായിട്ടാണ് പതിനേഴുകാരന്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയത്.


മുന്‍പും വാഹനം ഓടിച്ചിട്ടുണ്ടെന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്. കാറും ബൈക്കും ഓടിച്ചിട്ടുണ്ട്. ബൈക്കുമായി സ്‌കൂളില്‍ പോയിട്ടുണ്ടെന്നും പതിനേഴുകാരന്‍ സമ്മതിച്ചു. പ്രതി മുന്‍പ് വാഹനം ഓടിച്ചിരുന്നതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന് നേരത്തെ തെളിവ് ലഭിച്ചിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് മൊഴി. പതിനേഴുകാരന്‍ ബൈക്ക് ഓടിച്ച് സ്‌കൂളില്‍ പോയിരുന്നുവെന്ന് ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്‍ത്തി മുന്‍പ് ആരോപിച്ചിരുന്നു. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം ഉടന്‍ സോഷ്യല്‍ ബാക്ഗ്രൗണ്ട് റിപ്പോര്‍ട്ട് നല്‍കും.


കേസില്‍ പതിനേഴുകാരന് ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജാമ്യം നല്‍കി പ്രതിയെ വിട്ടത് നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യും. പ്രതിയെ ഒബ്സര്‍വേഷന്‍ ഹോമില്‍ അയക്കണം. കേവലം അശ്രദ്ധമൂലമല്ല അപകടമുണ്ടായത്. മനുഷ്യ ജീവന് വിലകല്‍പ്പിക്കാത്ത മനോഭാവമാണ് പ്രതി കാട്ടിയത്. 


പ്രതിയുടെ പിതാവ് ഉന്നത സ്വാധീനമുള്ള ജുഡീഷ്യല്‍ ഓഫീസറാണ്. തെളിവ് നശിപ്പിക്കപ്പെടാമെന്നും കുടുംബം ചൂണ്ടിക്കാട്ടിയിരുന്നു. പതിനേഴുകാരന് ജാമ്യം നല്‍കിയതിനെതിരെ ജയബാലകൃഷ്ണന്റെ കുടുംബം അടക്കം നല്‍കിയ അപ്പീലുകള്‍ നേരത്തേ എറണാകുളംപ്രത്യേക സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. കുടുംബത്തിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി നോട്ടീസ് അയയ്ക്കുകയും സര്‍ക്കാരിന്റെ വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്. ഹര്‍ജി ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

Post a Comment

Previous Post Next Post