നാഗർകോവില്‍: തമിഴ്നാട്ടിലെ നാഗർകോവിലില്‍ ട്രെയിനില്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു. നാഗർകോവില്‍ റെയില്‍വേ സ്റ്റേഷൻ യാർഡിലെ കോച്ചിനുള്ളില്‍ ആണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തില്‍ പ്രതി കന്യാകുമാരി സ്വദേശി അയ്യപ്പൻ (31) അറസ്റ്റിലായി. കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാനായിട്ടില്ല.
ഇക്കഴിഞ്ഞ 18ന് രാവിലെ എട്ടുമണിയോടെ ആണ് നാഗർകോവില്‍ ജംഗ്ഷൻ റെയില്‍വേ സ്റ്റേഷനിലെ 13-ാം നമ്പർ യാർഡില്‍ നിർത്തിയിട്ടിരുന്ന നാഗർകോവില്‍ - കോട്ടയം ട്രെയിനിൻ്റെ കോച്ചിനുള്ളില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. നാല് ദിവസം മുമ്പാണ് കൊലപാതകം നടന്നത്. രാത്രി 12:30ന് അഞ്ചാമത്തെ പ്ലാറ്റ്ഫോമില്‍ നിന്ന് പ്രതി യുവതിയെ ബലംപ്രയോഗിച്ച് വലിച്ചിഴച്ച് യാർഡിലേക്ക് കൊണ്ടുപോകുകയായിരുന്നു.
യുവതി അഞ്ചാം നമ്പർ പ്ലാറ്റ്ഫോമില്‍ നില്ക്കുന്ന ദൃശ്യങ്ങള്‍ റെയില്‍വേ പൊലീസിന് ലഭിച്ചു. ആളില്ലാത്ത കോച്ചില്‍ യുവതിയെ എത്തിച്ചു ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. യുവതി ക്രൂര മർദനത്തിനും ഇരയായി. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം പ്രതി കോച്ചില്‍ നിന്ന് പുറത്തിറങ്ങുന്ന ദൃശ്യങ്ങളും പൊലീസില്‍ ലഭിച്ചു.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത റെയില്‍വേ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ അടക്കം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ മൂന്നു നാല് മാസമായി ഇയാള്‍ റെയില്‍വേ സ്റ്റേഷൻ പരിസരത്ത് കറങ്ങി നടന്നിരുന്നായി ആളുകള്‍ പറയുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

Post a Comment