മിസ് യൂണിവേഴ്സ് 2026 കിരീടം സ്വന്തമാക്കി പ്യൂർട്ടോ റിക്കോയുടെ ജെന്നിഫർ ബാരെറ്റോ. 75-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിലാണ് ജെന്നിഫർ ബാരെറ്റോ വിജയിയായത്.
ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ മത്സരാർഥി റണ്ണറപ്പായപ്പോള്‍ വെനസ്വേല മൂന്നാം സ്ഥാനം നേടി. ഇന്ത്യയുടെ കസിയ ലിസ് മെജോയ്ക്ക് കിരീടം നേടാനായില്ല. ടോപ് 30 വരെ മുന്നേറിയ കസിയയ്ക്ക് ടോപ് 12ല്‍ ഇടം നേടാനായില്ല.
പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിലുള്ള ജോസ് മിഗ്വേല്‍ അഗ്രെലോട്ട് കൊളീസിയത്തിലാണ് മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ നടന്നത്. അന്താരാഷ്ട്ര സൗന്ദര്യമത്സരത്തിന്റെ 75-ാം വാർഷികം കൂടിയായിരുന്നു ഇത്തവണത്തേത്. വിവിധ രാജ്യങ്ങളില്‍ നിന്നായി 116 മത്സരാർഥികളാണ് കിരീടത്തിനായി മാറ്റുരച്ചത്. നിലവിലെ മിസ് യൂണിവേഴ്സ് മെക്സിക്കോയുടെ ഫാത്തിമ ബോഷ് തന്റെ പിൻഗാമിയെ കിരീടം അണിയിച്ചു.
അതേസമയം, നിരവധി വിവാദങ്ങള്‍ക്കും ഇത്തവണത്തെ മിസ് യൂണിവേഴ്സ് മത്സരം വേദിയായി. മത്സരാർഥികളുടെ പിന്മാറ്റം, സംഘാടനത്തിലെ വീഴ്ചകള്‍ സംബന്ധിച്ച ആശങ്കകള്‍ എന്നിവ മിസ് യൂണിവേഴ്സ് സംഘടനയെ വിമർശനങ്ങളുടെ നിഴലിലാക്കി.
ഇന്ത്യയുടെ മിസ് യൂണിവേഴ്സ് കിരീടത്തിനായുള്ള കാത്തിരിപ്പ് ഇതോടെ അഞ്ചാം വർഷത്തിലേക്ക് കടന്നു. 2021ല്‍ ഹർനാസ് സന്ധുവാണ് അവസാനമായി ഇന്ത്യയ്ക്കായി കിരീടം നേടിയത്. 1994ല്‍ സുസ്മിത സെൻ, 2000ല്‍ ലാറ ദത്ത എന്നിവരും ഇന്ത്യയ്ക്കായി മിസ് യൂണിവേഴ്സ് കിരീടം സ്വന്തമാക്കിയിട്ടുണ്ട്.

Post a Comment