ആർട്ടിഫിഷ്യല്‍ ഇന്റലിജൻസിന്റെ വളർച്ച ടെക്ക് രംഗത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ സൈബർ സുരക്ഷാ മേഖലയില്‍ പുതിയ ഭീഷണികള്‍ ഉയരുന്നതായി ഗൂഗിള്‍.
സോഫ്റ്റ്വെയറുകളിലെ സുരക്ഷാ പിഴവുകള്‍ കണ്ടെത്താനും അവ മുതലെടുത്ത് ആക്രമണങ്ങള്‍ നടത്താനും ഹാക്കർമാർ ഇപ്പോള്‍ നിർമിതബുദ്ധി ഏജന്റുകളെ ഉപയോഗിക്കുന്നതായാണ് കമ്പനിയുടെ മുന്നറിയിപ്പ്. മനുഷ്യരുടെ നേരിട്ടുള്ള ഇടപെടലില്ലാതെ തന്നെ ഇത്തരം ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും എഐ സംവിധാനങ്ങള്‍ക്ക് കഴിയുന്ന സാഹചര്യമാണുള്ളത്.
ലാർജ് ലാംഗ്വേജ് മോഡലുകള്‍ ഉപയോഗിച്ച് സോഫ്റ്റ്വെയറുകളിലെ സുരക്ഷാ ദൗർബല്യങ്ങള്‍ കണ്ടെത്തുകയും അവ മുതലെടുക്കാനുള്ള ആക്രമണ രീതികള്‍ വികസിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് ഗൂഗിളിന്റെ കണ്ടെത്തല്‍. 'ജിടിഐജി എഐ ത്രെറ്റ് ട്രാക്കർ: ഏജന്റിക് ത്രെറ്റ് ആക്ടിവിറ്റി ക്രോസസ് എ സിഗ്നിഫിക്കന്റ് ത്രെഷോള്‍ഡ്' എന്ന റിപ്പോർട്ടിലാണ് ഗൂഗിള്‍ ത്രെറ്റ് ഇന്റലിജൻസ് ഗ്രൂപ്പ് (ജിടിഐജി) ഇക്കാര്യം വ്യക്തമാക്കിയത്.
സുരക്ഷാ പിഴവുകള്‍ കണ്ടെത്തുന്നതിനും അവ ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്തുന്നതിനുമായി പ്രവർത്തിക്കുന്ന 'എക്സ്പ്ലോയിറ്റ് ഏജന്റ്' എന്ന മള്‍ട്ടി-ഏജന്റ് സംവിധാനവും ഗൂഗിള്‍ കണ്ടെത്തിയിട്ടുണ്ട്. സൈബർ ആക്രമണങ്ങളില്‍ എഐയെ ചെറിയ ജോലികള്‍ക്കായി മാത്രം ഉപയോഗിച്ചിരുന്ന രീതിയില്‍ നിന്ന് പൂർണമായും സ്വയം പ്രവർത്തിക്കുന്ന ആക്രമണ സംവിധാനങ്ങളിലേക്ക് ഹാക്കർമാർ മാറുന്നതിന്റെ സൂചനയാണിതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Post a Comment