ലഖ്നൗ : അക്രമത്തിലൂടെ ഭരണമാറ്റം ആവശ്യപ്പെടുന്നവർക്ക് സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നടപടി സ്വീകരിച്ച് ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ. അക്രമത്തിലൂടെ നിലവിലെ ഭരണക്രമം മാറ്റാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി കണ്ടെത്തുന്നവരെ സർക്കാർ ജോലിയിൽ നിയമിക്കുന്നതിൽ നിന്ന് ഒഴിവാക്കാമെന്ന് പുതിയ സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.
അടുത്തിടെ നടന്ന പ്രതിഷേധങ്ങൾക്കിടെ ഭരണമാറ്റത്തിനായുള്ള ആഹ്വാനങ്ങൾ വിവാദമായ പശ്ചാത്തലത്തിലാണ് സർക്കാർ ജോലികളിലേക്കുള്ള നേരിട്ടുള്ള നിയമനത്തിന് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളുടെ സ്വഭാവ പരിശോധനാ ചട്ടങ്ങൾ കർശനമാക്കിയത്. സ്വഭാവ പരിശോധനാ റിപ്പോർട്ട് ലഭിക്കാൻ വൈകുന്നു എന്ന കാരണത്താൽ മാത്രം നിയമന ഉത്തരവ് നൽകുന്നത് നീട്ടിവയ്ക്കേണ്ടതില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗാർഥിയിൽ നിന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ പ്രഖ്യാപനവും ആവശ്യമായ രേഖകളും വാങ്ങിയ ശേഷം താൽക്കാലിക നിയമന ഉത്തരവ് നൽകാൻ ബന്ധപ്പെട്ട അധികാരികൾക്ക് സാധിക്കും.
എന്നാൽ പരിശോധനയിൽ ഉദ്യോഗാർഥി നിയമനത്തിന് അയോഗ്യനാണെന്ന് കണ്ടെത്തുകയോ തെറ്റായ വിവരങ്ങൾ നൽകിയതായി തെളിയുകയോ ചെയ്താൽ നിയമനം ഉടൻ റദ്ദാക്കും. തുടർന്ന് നിയമനടപടികളും സ്വീകരിച്ചേക്കാം. പുതിയ മാർഗനിർദേശങ്ങൾ പ്രകാരം നിലവിൽ സർക്കാർ സർവീസിൽ ജോലി ചെയ്യുന്നവർക്ക് വീണ്ടും സ്വഭാവ പരിശോധനയ്ക്ക് വിധേയരാകേണ്ടതില്ല. എന്നാൽ, ആവശ്യമെങ്കിൽ നിയമനാധികാരിക്ക് ഉദ്യോഗാർഥി മുമ്പ് ജോലി ചെയ്തിരുന്ന വകുപ്പുകളിൽ നിന്ന് ബന്ധപ്പെട്ട വിവരങ്ങൾ തേടാമെന്നും ഉത്തരവ് വ്യക്തമാക്കുന്നുണ്ട്.

Post a Comment