പിഎസ്‍സി പരീക്ഷാ ക്രമക്കേടിൽ 3 കേസുകൾ കൂടി രജിസ്റ്റർ ചെയ്യും; ഹൈക്കോടതി കടുപ്പിച്ചതോടെ സഹകരിക്കാൻ പിഎസ്‍സി

 


തിരുവനന്തപുരം : സംസ്ഥാനത്തെ പിഎസ്സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മൂന്ന് പുതിയ കേസുകൾ കൂടി ഇന്ന് രജിസ്റ്റർ ചെയ്യും. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, വില്ലേജ് ഓയിൽ ഇൻസ്പെക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എന്നീ തസ്തികകളിലേക്ക് നടത്തിയ പരീക്ഷകളിലാണ് വൻ ക്രമക്കേടുകൾ കണ്ടെത്തിയിരിക്കുന്നത്. 


ഹൈക്കോടതി വിഷയം കടുപ്പിച്ചതോടെ അന്വേഷണത്തോട് സഹകരിക്കാനാണ് പി എസ് സിയുടെ തീരുമാനം. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാനും പൂർണ്ണമായി സഹകരിക്കാനും പിഎസ്സി അംഗങ്ങൾ തയ്യാറായേക്കുമെന്നാണ് വിവരം. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പരീക്ഷയിൽ പ്രമുഖ പി എസ് സി കോച്ചിംഗ് സെന്റർ തയ്യാറാക്കിയ ചോദ്യങ്ങൾ അതേപടി ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയതായി പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. 


ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ ആദ്യ നൂറിനുള്ളിൽ ഉൾപ്പെട്ടവരെല്ലാം ഫിഷറീസ് സർവ്വകലാശാലയിലെ വിദ്യാർത്ഥികളാണ്. ചോദ്യപേപ്പർ തയ്യാറാക്കിയതും ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്നതും ഇതേ സർവ്വകലാശാലയിലെ അധ്യാപകരാണെന്നും, എസ് എഫ് ഐ പ്രവർത്തകർക്കും യൂണിയൻ നേതാക്കൾക്കുമായി ക്രമക്കേട് നടത്തിയെന്നും മറ്റ് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു.

Post a Comment

Previous Post Next Post