മീനങ്ങാടിയിൽ കാര്‍ തടഞ്ഞുനിര്‍ത്തി കുരുമുളക് സ്‌പ്രേ ചെയ്ത് പണവും വാഹനവും കവര്‍ന്ന സംഭവം; മൂന്നുപേര്‍ കൂടി പിടിയില്‍

 


മീനങ്ങാടി : കാര്‍ തടഞ്ഞുനിര്‍ത്തി യാത്രികന്‍റെ മുഖത്ത് കുരുമുളക് സ്‌പ്രേ ചെയ്ത് പണവും വാഹനവും കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കണ്ണൂര്‍ സ്വദേശികളായ മണത്തണ സ്വദേശി പി. പ്രണവ് (24), കെ. കനകരാജ് (28), കണ്ണൂര്‍ ചൊക്ലി പെരിങ്ങളം സ്വദേശി നിഥുല്‍ കുമാര്‍ (29) എന്നിവരെയാണ് പോലീസ് പിടികൂടിയത്. 


പ്രണവിനെയും കനകരാജിനെയും പേരാവൂര്‍ എടത്തൊട്ടിയില്‍നിന്നും നിഥുല്‍ കുമാറിനെ കണ്ണൂര്‍ കണ്ണമ്പള്ളിയില്‍ നിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇവരെ മീനങ്ങാടി പോലീസ് സ്റ്റേഷനിലെത്തിച്ചു. കേസില്‍ കണ്ണൂര്‍ സ്വദേശികളായ എം. രഞ്ജു (32), സൗരവ് സുനില്‍ (26) എന്നിവരെ സംഭവ ദിവസം തന്നെ പോലീസ് പിടികൂടിയിരുന്നു. ഇവര്‍ ഉള്‍പ്പെടെ കേസില്‍ ഇതുവരെ അഞ്ചുപേരാണ് അറസ്റ്റിലായത്.


2026 സെപ്റ്റംബര്‍ 30ന് വൈകിട്ടാണ് മീനങ്ങാടി എഫ്.സി.ഐ ഗോഡൗണിന് സമീപം കവര്‍ച്ച നടന്നത്. ബെംഗളൂരില്‍നിന്ന് കൊടുവള്ളിയിലേക്ക് ഇന്നോവ കാറില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിന്‍റെ വാഹനം തടഞ്ഞു നിർത്തിയായിരുന്നു കവർച്ച. ഇന്നോവ കാറും അതിലുണ്ടായിരുന്ന 21,000 രൂപയും കവര്‍ന്നതായാണ് കേസ്.

Post a Comment

Previous Post Next Post