ആലപ്പുഴ : എൽഡിഎഫ് സർക്കാരിൽ നിന്ന് വിഭിന്നമായിരിക്കും യുഡിഎഫിന്റെ മദ്യനയമെന്ന് എക്സൈസ് മന്ത്രി എം ലിജു. മദ്യനയം സംബന്ധിച്ച പ്രാരംഭ നടപടികൾ പൂർത്തിയായെന്നും മദ്യനയ പ്രഖ്യാപനം നവംബറിൽ ഉണ്ടാകുമെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കി. എൽഡിഎഫിൻ്റെ മദ്യനയം സമൂഹത്തിന് യോജിച്ചതല്ലെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കി.
ഹോർട്ടി വൈൻ വില്പന അനുമതി പോലും അതിന്റെ പരിണിത ഫലമാണെന്നും എം ലിജു കുറ്റപ്പെടുത്തി. ഹോർട്ടി വൈൻ വിൽക്കാൻ ലൈസൻസ് നൽകിയത് അബ്കാരി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ചയാണെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.
ഈ വിഷയത്തിൽ എക്സൈസ് വകുപ്പ് മന്ത്രിയുടെ അഭിപ്രായം ആരായണമായിരുന്നുവെന്നും എം ലിജു പറഞ്ഞു. സർക്കാരിനെ ഇത് എന്തുകൊണ്ടു മറച്ചുവച്ചുവെന്ന് ചോദിച്ച എം ലിജു ഉദ്യോഗസ്ഥർ അത് രഹസ്യമായി സൂക്ഷിച്ചുവെന്നും കുറ്റപ്പെടുത്തി. മാധ്യമങ്ങളിലൂടെയാണ് ഹോർട്ടി വൈൻ വിൽപ്പന അനുമതി വാർത്ത അറിയുന്നതെന്നും എം ലിജു വ്യക്തമാക്കി. എംബി രാജേഷ് ആണ് ഹോർട്ടി വൈൻ നിയമം ഉണ്ടാക്കിയതെന്നും എക്സൈസ് വകുപ്പ് മന്ത്രി ചൂണ്ടിക്കാണിച്ചു.
ലൈസൻസ് കൊടുത്ത ശേഷം അദ്ദേഹം മലക്കം മറിഞ്ഞു. എം ബി രാജേഷിന്റെ ചട്ടം അനുസരിച്ചാണ് ലൈസൻസ് കൊടുത്തത്. എം ബി രാജേഷിന്റെ കാലത്തെ ഉദ്യോഗസ്ഥർ തന്നെയാണ് ഇപ്പോഴും ഉള്ളത്. എൽഡിഎഫ് സർക്കാരിന്റെ തുടർച്ചയല്ല യുഡിഎഫ് സർക്കാർ എന്ന് ഉദ്യോഗസ്ഥർ മനസ്സിലാക്കണമെന്നും എം ലിജു മുന്നറിയിപ്പ് നൽകി. ഉദ്യോഗസ്ഥർക്ക് ഇടത് വിഭ്രാന്തിയാണെന്നും ഉദ്യോഗസ്ഥർ അല്ല സർക്കാരിന്റെ മദ്യ നയം തീരുമാനിക്കുന്നതെന്നും എം ലിജു വ്യക്തമാക്കി.

Post a Comment