കോവളം സ്പാ പീഡനക്കേസിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക്

 


തിരുവനന്തപുരം : കോവളം സ്പാ പീഡനക്കേസിൽ അന്വേഷണം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നു. ഇരയായ 16-കാരിയുടെ ബന്ധുക്കളായ ദമ്പതികളെ അറസ്റ്റ് ചെയ്യുന്നതിനായി തമിഴ്‌നാട് പൊലീസ് കോടതിയിൽ അപേക്ഷ നൽകി. കോടതി അനുമതി നൽകുന്ന മുറയ്ക്ക് ഇവരുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തും. 


ചെന്നൈയിലെ സ്പായിലും താൻ പീഡനത്തിനിരയായതായി പെൺകുട്ടി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം ആന്ധ്രപ്രദേശിലേക്ക് തിരിച്ചിട്ടുണ്ട്. 


ആന്ധ്ര സ്വദേശിയായ പെൺകുട്ടി പഠിച്ച സ്‌കൂളിലെത്തി തെളിവെടുപ്പ് നടത്തുന്നതിനും സഹോദരിയുടെ മൊഴി രേഖപ്പെടുത്തുന്നതിനുമാണ് പൊലീസ് സംഘം അവിടെയെത്തുന്നത്. കേസിന് വൻ അന്തർസംസ്ഥാന ബന്ധമുണ്ടെന്ന് വ്യക്തമായതോടെ കൺട്രോൾ റൂം എസിപി സി. ചന്ദ്രകുമാറിനെ പുതിയ അന്വേഷണ ഉദ്യോഗസ്ഥനായി ചുമതലപ്പെടുത്തി അന്വേഷണസംഘം വിപുലീകരിച്ചിരുന്നു.


കുട്ടിയെ എങ്ങനെ കേരളത്തിലെത്തിച്ചു, ഏതൊക്കെ ഇടനിലക്കാരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത് എന്നീ കാര്യങ്ങളാണ് സംഘം പ്രധാനമായും അന്വേഷിക്കുന്നത്. പെൺകുട്ടിയുടെ ബന്ധുക്കൾക്കെതിരെ മനുഷ്യക്കടത്തിന് കേസെടുക്കും.


കേസിൽ അറസ്റ്റിലായ തിരുവനന്തപുരം കോർപ്പറേഷൻ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എം. ഒ. അനുരൂപ് ആണ് ഈ സ്പാ ശൃംഖലയിലെ പ്രധാന കണ്ണിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഹെൽത്ത് ഇൻസ്‌പെക്ടർ പദവി ദുരുപയോഗം ചെയ്ത് നിർമിച്ച ബന്ധങ്ങൾ വഴിയാണ് ഇയാൾ സ്പാ ബിസിനസിലേക്ക് കടന്നത്. 

Post a Comment

Previous Post Next Post