റോഷൻ മാത്യുവിനെ നായകനാക്കി ജിയോ ബേബി രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഹ്യൂമൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടു. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താനാണ് ചിത്രം നിർമ്മിക്കുന്നത്. 2027 ൽ തിയറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രമേയവും മറ്റു താരങ്ങളെ സംബന്ധിച്ച കൂടുതൽ വിവരങ്ങളും പുറത്തു വിട്ടിട്ടില്ല.
തോക്കും സിം കാർഡുകളും ഉൾപ്പെടുന്ന ടൈറ്റിൽ പോസ്റ്ററിൽ, ഇരുണ്ട പശ്ചാത്തലത്തിൽ ചുവന്ന അക്ഷരങ്ങളിലാണ് ടൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ സ്വഭാവത്തെക്കുറിച്ച് ആകാംക്ഷയുണർത്തുന്ന രീതിയിലാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. മലയാള സിനിമയിൽ വേറിട്ട പ്രമേയങ്ങളും ശക്തമായ സാമൂഹിക നിരീക്ഷണങ്ങളും കൊണ്ട് ശ്രദ്ധേയനായ സംവിധായകനാണ് ജിയോ ബേബി.
‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ എന്ന ചിത്രത്തിലൂടെ ദേശീയതലത്തിൽ ശ്രദ്ധ നേടിയ അദ്ദേഹം ‘കാതൽ – ദി കോർ’, ‘ശ്രീധന്യ കാറ്ററിങ് സർവീസ്’, ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’, 'കുഞ്ഞു ദൈവം', '2 പെൺകുട്ടികൾ' തുടങ്ങിയ ചിത്രങ്ങളിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്.
മനുഷ്യബന്ധങ്ങളെയും സാമൂഹിക യാഥാർഥ്യങ്ങളെയും വ്യത്യസ്തമായ കാഴ്ചപ്പാടിൽ അവതരിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ സിനിമകളുടെ പ്രത്യേകത. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും പ്രകടനങ്ങളിലൂടെയും മലയാളത്തിലും മറ്റ് ഭാഷകളിലും ശ്രദ്ധേയനായ നടനാണ് റോഷൻ മാത്യു. ജിയോ ബേബിയുടെ സംവിധാനവും റോഷൻ മാത്യുവിന്റെ പ്രകടനവും ഒന്നിക്കുന്ന ഹ്യൂമൻ എന്ത് തരം പ്രമേയമാണ് അവതരിപ്പിക്കുന്നതെന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

Post a Comment