ഗാന്ധിനഗർ : ഗുജറാത്തിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ഭർത്താവും ബന്ധുക്കളും അറസ്റ്റിൽ. ഭർത്താവുമായി പിരിഞ്ഞ് മറ്റൊരു യുവാവിനൊപ്പം കഴിയുകയായിരുന്ന യുവതിയെ ശുദ്ധിക്രിയയെന്ന പേരിലാണ് പീഡിപ്പിച്ചത്. സംഭവത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പടെ 9 പേരെ അറസ്റ്റ് ചെയ്തു.
ഗുജറാത്തിലെ വാപി സ്വദേശിയായ യുവതിയാണ് ക്രൂരപീഡനത്തിനിരയായത്. കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു കേസിനാസ്പദമായ സംഭവം. മൂന്ന് മാസം മുൻപ് ഭർത്താവിനെ വിട്ട് ചോട്ടിലയിലുളള യുവാവിനൊപ്പം പോയതാണ് യുവതി. കഴിഞ്ഞ മാസം ഭർത്താവും ബന്ധുക്കളും വീട്ടിലേക്ക് പിടിച്ചുകൊണ്ടുവന്നു. വീട്ടിൽ ചങ്ങലയിൽ ബന്ധിച്ച് പൂട്ടിയിട്ടു.
എന്നാൽ അഞ്ചു ദിവസം മുൻപ് യുവതി രക്ഷപ്പെട്ടു. വീണ്ടും യുവാവിനടുത്തെത്തി. ഇതോടെ തിരഞ്ഞിറങ്ങിയ ഭർത്താവും ബന്ധുക്കളും ഇരുവരെയും പിടികൂടി. യുവാവിനെ മരത്തിൽ കെട്ടിയിട്ട ശേഷം പൊതിരെ തല്ലി. യുവതിയുടെ മൂത്രം കുടിപ്പിച്ചു. ഇരുവരോടും ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചു.
ഇതിന്റെ ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. മറ്റൊരാളോടൊപ്പം കഴിഞ്ഞ സ്ത്രീയെ ശുദ്ധിക്രിയ നടത്തുന്നുവെന്ന പേരിലായിരുന്നു ക്രൂരതയെല്ലാം. ഇതോടെ പൗര പ്രമുഖനായൊരാൾ പോലീസിൽ പരാതി നൽകി. വീടുകൾ തോറും കയറി പരിശോധിച്ച പോലീസ് യുവതിയെ കണ്ടെത്തി മൊഴിയെടുത്തു. പിന്നാലെ യുവതിയുടെ ഭർത്താവും രണ്ട് യുവതികളുമടക്കം 9 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

Post a Comment