മുംബൈ : ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവയ്പ്പിൽ അക്രമികൾ സഞ്ചരിച്ച ബൈക്ക് അന്ധേരി വെസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപം കണ്ടെത്തി. പ്രതികളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. അക്രമികൾ നടന്റെ നീക്കങ്ങൾ നിരീക്ഷിച്ചിരുന്നതായി പൊലീസ് പറയുന്നു. ഞായറാഴ്ച നടൻ ഫുട്ബോൾ കളിക്കാൻ എത്തുന്ന ഗ്രൗണ്ടിന് സമീപം ആക്രമണത്തിനായി തെരഞ്ഞെടുത്തു.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെ ടൈഗർ ഷ്റോഫിനെ വീട്ടിലെത്തി കണ്ടു. ഏത് ഗാങ് ആയാലും വെറുതെ വിടില്ലെന്ന് ഷിൻഡെ പ്രതികരിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്ന് കോൺഗ്രസ്സും ശിവസേന ഉദ്ധവ് പക്ഷവും ആരോപിച്ചു. വിദ്യാർത്ഥികളെയും സാമൂഹ്യപ്രവർത്തകരെയും വേട്ടയാടാതെ അക്രമികളെ പിടിക്കൂവെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ പ്രതികരിച്ചു.
മുംബൈയിലെ ഫുട്ബോൾ ക്ലബ്ബിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെ ടൈഗർ ഷ്റോഫിന് നേരെ അജ്ഞാത സംഘം വെടിയുതിർക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടതെന്ന് ഡിസിപി മോഹിത് ഗാർഗ് പറഞ്ഞു. സംഭവത്തിൽ നടന്റെ ഡ്രൈവർ ഉൾപ്പെടെ രണ്ടു പേർക്ക് പരിക്കേറ്റു. ജുഹു പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ വെടിവെപ്പ് നടന്നത്.

Post a Comment