ചേരാനല്ലൂര്‍ അപകടം: കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിനെ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റും

 


കൊച്ചി : എറണാകുളം ചേരാനല്ലൂരില്‍ പതിനേഴുകാരന്‍ ഓടിച്ച വാഹനം ഇടിച്ച് മധ്യവയസ്‌കന് ജീവന്‍ നഷ്ടമായ സംഭവത്തില്‍ പൊലീസ് വീഴ്ചയില്‍ കൂടുതല്‍ നടപടികളുമായി വകുപ്പ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിനെ ഉടന്‍ മാറ്റുമെന്നാണ് വിവരം. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. പകരം ചുമതല ആര്‍ നിശാന്തിനിക്ക് നല്‍കിയേക്കുമെന്നും വിവരമുണ്ട്.


സംഭവത്തില്‍ നടപടി സ്വീകരിക്കുന്നതില്‍ പൊലീസുകാര്‍ക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നാല് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സി ഐ ശ്യാംകുമാര്‍ കെഎസ് ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥര്‍ക്കാണ് സസ്പെന്‍ഷന്‍ ലഭിച്ചത്. സംഭവസ്ഥലം സന്ദര്‍ശിച്ച് എഡിജിപി പി വിജയന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിലാണ് നടപടി പ്രഖ്യാപിച്ചത്. സി ഐ ശ്യാം കുമാര്‍ കെ എസ്, എസ് എച്ച് ഒവിശ്വജിത്ത് വി എസ്. എഎസ്ഐ മനോജ് കെ ടി, സിപിഒ അരുണ്‍ ജോഷി എന്നിവര്‍ക്കെതിരെയാണ് നടപടിയുണ്ടായത്.


അതേസമയം പൊലീസ് നടപടിയില്‍ വിമര്‍ശനവുമായി സിപിഐഎം നേതാവ് പി രാജീവ് രംഗത്തെത്തി. ആഭ്യന്തരമന്ത്രി ഇടപെട്ടാല്‍ മാത്രമാണ് പൊലീസ് ശരിയായി പ്രവര്‍ത്തിക്കുന്നതെന്നാണ് പി രാജീവ് ജയബാലകൃഷ്ണന്റെ വീട്ടിലെത്തിയ ശേഷം പ്രതികരിച്ചത്. ഒരോ പൊലീസ് സ്റ്റേഷനിലും ചെന്നിത്തല എസ്‌ഐ ആയി സ്ഥാനം ഏറ്റെടുക്കേണ്ടി വരുമെന്നും രാജീവ് പരിഹസിച്ചു.

Post a Comment

Previous Post Next Post