ഹരിപ്പാട് രണ്ട് വയസുകാരൻ മരിച്ച സംഭവം; ആറ് കുട്ടികൾക്കും മുലപ്പാൽ കൊടുത്തിരുന്നില്ല, മാതാപിതാക്കളുടെ പരിപാലനത്തിൽ ഗുരുതര വീഴ്ച, പൊലീസ് അന്വേഷണം തുടരുന്നു

 


ആലപ്പുഴ : ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ രണ്ട് വയസുകാരൻ പോഷകാഹാര കുറവിനെ തുടർന്ന് മരിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു. മാതാപിതാക്കളുടെ പരിപാലനത്തിൽ വന്ന പിഴവാണ് കുഞ്ഞിന്‍റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ അനുമാനം. മറ്റെന്തെങ്കിലും ദുരൂഹതകൾ ഉണ്ടോ എന്നും പൊലീസ് പരിശോധിക്കും. 


നിലവിലെ സാഹചര്യത്തിൽ മരിച്ച കുഞ്ഞിന്‍റെ നാല് സഹോദരങ്ങളെ സ്ഥിരമായി സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികളിലേക്ക് നീങ്ങുകയാണ് ശിശുക്ഷേമ സമിതി. പോഷകാഹാര കുറവാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടെങ്കിലും മറ്റ് ദുരൂഹതകള്‍ എന്തെങ്കിലും ഉണ്ടോ എന്ന് ഒരിക്കല്‍ കൂടി പരിശോധിച്ച ശേഷമേ അന്വേഷണം അവസാനിപ്പിക്കൂ എന്ന് പൊലീസ് അറിയിച്ചു.


മരിച്ച രാഹുൽ ഉൾപ്പടെ മറ്റ് 4 കുട്ടികളും താമസിച്ചിരുന്നത് വൃത്തിഹീനമായ സാഹചര്യത്തിൽ. വീടിന്റെ ഒരു ഭാഗത്ത് കിടക്കയിട്ട് അവിടെയാണ് കുട്ടികളെ താമസിപ്പിച്ചിരുന്നത്. അവിടെ നിന്നാണ് പൊതുപ്രവർത്തകർ ഗാന്ധിഭവനിലേക്ക് ഇവരെ മാറ്റിയത്. എന്നാൽ കുറച്ചു ദിവസം കഴിഞ്ഞയുടൻ തന്നെ ഇവർ അതെ സ്ഥലത്തേയ്ക്ക് കുട്ടികളുമായി എത്തുകയായിരുന്നു.


ഏഴാമത്തെ പ്രസവത്തിനായി താരയെ നാട്ടുകാര്‍ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് ഇന്നലെ രാവിലെ രണ്ട് വയസുകാരന്‍ രാഹുലിന്‍റെ മരണം സംഭവിച്ചത്. എന്നാല്‍ രാജേഷിന്‍റെയും ഭാര്യ താരയുടെയും ജീവിതരീതിയും കുഞ്ഞുങ്ങളെ പരിപാലിക്കുന്നതില്‍ ഇരുവരും വരുത്തുന്ന അശ്രദ്ധയും ചൂണ്ടിക്കാട്ടി നാട്ടുകാര്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് പോഷകാഹാര കുറവിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന കണ്ടെത്തല്‍.


കുട്ടിക്ക് വിളര്‍ച്ചയും രക്തക്കുറവും ഉണ്ടായിരുന്നു.12 കിലോ തൂക്കം വേണ്ടിയിരുന്നിടത്ത് കുഞ്ഞിന് 7 കിലോ മാത്രമായിരുന്നു ഭാരമെന്നും കണ്ടെത്തി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏഴ് കുഞ്ഞുങ്ങളെയാണ് താര പ്രസവിച്ചത്. ഇതില്‍ ഒരു കുഞ്ഞ് നേരത്തെ മരിച്ചിരുന്നു. തുടര്‍ച്ചയായി കുഞ്ഞുങ്ങള്‍ക്ക് ജന്‍മം കൊടുത്തിരുന്നു എന്നതിനപ്പുറം ഇവരെ പരിപാലിക്കാന്‍ താരയും രാജേഷും ഒന്നും ചെയ്തിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

Post a Comment

Previous Post Next Post