തെറ്റായ ദിശയിലെത്തി ബസ് സ്കൂട്ടറിലേക്ക് ഇടിച്ചുകയറി; തിരൂരിൽ 35കാരിക്ക് ദാരുണാന്ത്യം

 


മലപ്പുറം : തിരൂര്‍ പൂക്കയില്‍ റോഡില്‍ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. താനാളൂര്‍ വലിയപാടം സ്വദേശിനിയും നിറമരുതൂര്‍ പഞ്ചാരമൂല മേലെ വീട്ടില്‍ ഹിഷാമിന്റെ ഭാര്യയുമായ തെസ്‌നി (35) ആണ് അപകടത്തില്‍ മരിച്ചത്. സ്‌കൂട്ടറിലുണ്ടായിരുന്ന കുട്ടികളായ ഫാത്തിമ ഷെസ (14), ഷെസാന്‍ മുസ്തഫ (8) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.


കൂട്ടായിതിരൂര്‍ റൂട്ടിലോടുന്ന കല്ലിങ്ങല്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ വൈകിട്ട് ഏഴോടെ പൂക്കയില്‍ റോഡിലായിരുന്നു അപകടം. കൂട്ടായിയില്‍നിന്ന് തിരൂരിലേക്ക് വരികയായിരുന്ന ബസ് എതിര്‍ദിശയിലേക്ക് കയറി തിരൂര്‍ ഭാഗത്തുനിന്ന് ഉണ്യാല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. 


ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ ബസിനടിയില്‍ കുടുങ്ങി. സ്‌കൂട്ടറുമായി കുറച്ചുദൂരം മുന്നോട്ടുപോയ ശേഷമാണ് ബസ് നിന്നത്. അപ്പോഴും തെസ്‌നി ബസിനടിയിലായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ യുവതിക്ക് സംഭവസ്ഥലത്തുതന്നെ ജീവന്‍ നഷ്ടമായി. അമ്മയോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് കുട്ടികള്‍ക്ക് അപകടത്തില്‍ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Post a Comment

Previous Post Next Post