ആർ സുഗതനെ ഒരാഴ്ചക്കകം കൗൺസിലർ സ്ഥാനത്ത് നിന്ന് പുറത്താക്കണം; ഇല്ലെങ്കിൽ 23 മുതൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് എൽഡിഎഫ്


 തിരുവനന്തപുരം : കാപ്പാ കേസിൽ ജയിലിലായ തിരുവനന്തപുരം നഗരസഭയിലെ വാഴോട്ടുകോണം കൗണ്‍സിലർ ആർ സുഗതനെ പുറത്താക്കമെന്നാവശ്യപ്പെട്ട് എൽഡിഎഫ് സമരം പ്രഖ്യാപിച്ചു. നഗരസഭ ഭരണാധികാരികൾക്ക് ഒരാഴ്ച സമയം നൽകുമെന്നും ഈ മാസം 23നുള്ളിൽ സുഗതനെ പുറത്താക്കിയില്ലെങ്കിൽ എൽഡിഎഫ് കൗണ്‍സിലർമാർ അനിശ്ചിതകാല സത്യഗ്രഹ സമരം തുടങ്ങുമെന്നുമാണ് പ്രഖ്യാപനം. എൽഡിഎഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി, കോർപറേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിലാണ് നേതാക്കൾ ഇക്കാര്യം പ്രഖ്യാപിച്ചത്. ഒരു മാസത്തിൽ ഒരു കൗൺസിൽ യോഗമെങ്കിലും ചേരണം എന്നതാണ് നടപ്പുരീതി. എന്നാൽ കൗൺസിൽ യോഗം വിളിക്കാൻ ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടും യോഗം വിളിക്കുന്നില്ലെന്നും എൽഡിഎഫ് നേതാക്കൾ കുറ്റപ്പെടുത്തി. 


ഈ സാഹചര്യത്തിൽ ഒരാഴ്ച കൂടി കാത്തിരിക്കുമെന്നും അതിനകം നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി ജോയി വ്യക്തമാക്കി. നമുക്ക് തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായി. തെറ്റ് തിരുത്തി ശക്തമായി തിരിച്ചുവരും. തിരിച്ചടിയുണ്ടായെങ്കിലും ജനകീയ പ്രക്ഷോഭങ്ങളിൽ നിന്നും പിൻമാറിയിട്ടില്ലെന്നും ജോയി ചൂണ്ടിക്കാട്ടി. 10 വർഷമുണ്ടായ നഷ്ടം നികത്താൻ യുഡിഎഫിനെ സഹായിച്ചുവെന്ന് ബിജെപി നേതാവ് പറഞ്ഞല്ലോ. എന്തുകൊണ്ടാണ് മുഖ്യമന്ത്രി വിഡി സതീശൻ ഇക്കാര്യത്തിൽ ഒന്നും പറയാത്തതെന്നും സിപിഎം ജില്ലാ സെക്രട്ടറി ചോദിച്ചു.

Post a Comment

أحدث أقدم