'പ്രിയദര്‍ശിനി'യുടെ ഉദ്ഘാടന ചടങ്ങിനിടെ തിക്കും തിരക്കും; ബസിൽ വച്ച് മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ പായസം വീണു, സംഭവം കൊല്ലത്ത്

 


കൊല്ലം : കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടെ ഉണ്ടായ തിക്കിലും തിരക്കിലും മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണു. കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വെച്ച് നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പായസ വിതരണം നടന്നിരുന്നു. ബസില്‍ വെച്ച് പായസം വിതരണം ചെയ്യുന്നതിനിടെ കൈ തട്ടി മന്ത്രിയുടെ തലയില്‍ വീഴുകയായിരുന്നു. പിന്നാലെ നിലവിളിയോടെ സീറ്റില്‍ നിന്ന് മന്ത്രി ചാടി എഴുന്നേറ്റു. ഒപ്പമുണ്ടായിരുന്നവര്‍ ഷാളും മറ്റും ഉപയോഗിച്ച് മന്ത്രിയുടെ തലയില്‍ വീണ പായസം തുടച്ചുമാറ്റി. സംഭവത്തിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.


ഇന്ന് രാവിലെയായിരുന്നു പ്രിയദര്‍ശിനി സൗജന്യ യാത്ര പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. മുഖ്യമന്ത്രി വിഡി സതീശനായിരുന്നു പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചത്. 3,125 ബസുകളിലാണ് സൗജന്യ യാത്രാ സൗകര്യം ലഭിക്കുക. സൗജന്യ യാത്രയ്ക്കായി സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡോ രജിസ്ട്രേഷനോ ആവശ്യമില്ല. പ്രായമുള്‍പ്പെടെ മാനദണ്ഡവുമല്ല. എല്ലാ സ്ത്രീകള്‍ക്കും സൗജന്യ യാത്ര അനുവദിച്ചതിനാല്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഓര്‍ഡിനറി കെഎസ്ആര്‍ടിസി ബസുകളില്‍ ഇനി കണ്‍സെഷന്‍ ടിക്കറ്റ് ആവശ്യമില്ല. 

Post a Comment

أحدث أقدم