തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിനെ വെടിക്കെട്ടിലെ ആകാശവിസ്മയമെന്ന് ഉപമിച്ച് ബിജെപി നേതാവ് എം ടി രമേശ്.
വർത്തമാന സാമ്പത്തിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടാത്ത ബജറ്റില്‍ ഒരുപാട് പദ്ധതികളെ കുറിച്ച് പറയന്നുണ്ടെങ്കിലും ധനാഗമന മാർഗങ്ങളെ കുറിച്ച് പറയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വരുമാനം വർധിപ്പിക്കാനുള്ള മാർഗങ്ങളെ കുറിച്ച് ഒരു നിർദേശവുമില്ല. ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിന്റെ ആവർത്തനമാണിതെന്നും വാഗ്ദാനം വാരിവിതറുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
പ്രസംഗ മത്സരം ആയിരുന്നെങ്കില്‍ വി ഡി സതീശന് അവാർഡ് നല്‍കാമായിരുന്നുവെന്നും സഭയില്‍ അദ്ദേഹം നന്നായി പ്രസംഗിച്ചിട്ടുണ്ടെന്നും എം ടി രമേശ് പരിഹസിച്ചു.
അതേസമയം പിഎം ശ്രീ പദ്ധതിയെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. പിഎം ശ്രീയില്‍ ഒപ്പിട്ടതിന് ശേഷമാണ് കഴിഞ്ഞ സർക്കാർ പണം അനുവദിച്ചത്. പദ്ധതി നടപ്പിലാക്കിയാല്‍ മാത്രമേ ഈ ഗവണ്‍മെന്റിന് പണം അനുവദിക്കൂ. ഇനി പിഎം ശ്രീയില്‍ നിന്നും പിൻവാങ്ങാൻ സംസ്ഥാനത്തിന് സാധിക്കില്ലെന്നും പിന്മാറാൻ കേന്ദ്രത്തിന് മാത്രമേ സാധിക്കുള്ളുവെന്നും എം ടി രമേശ് പറഞ്ഞു. പിഎം ശ്രീ പദ്ധതിയോട് എന്തിനാണ് എതിർപ്പെന്ന് ഇതുവരെ പറഞ്ഞിട്ടില്ലെന്നും അന്ധമായ കേന്ദ്ര വിരുദ്ധ വികാരം ഉണ്ടാകുമ്പോള്‍ നഷ്ടം കേരളത്തിനാണെന്നും എം ടി രമേശ് പറഞ്ഞു.

إرسال تعليق