സാധാരണക്കാർക്ക് തിരിച്ചടിയായി ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് വർധിപ്പിച്ചത്. 10 ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇന്ധന വില കൂട്ടുന്നത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോളിന് 99.51 രൂപയും ഡീസലിന് 92.49 രൂപയുമായി. ഈ മാസം മെയ് 19നും 15നും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചിരുന്നു. മെയ് 19ന് പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയുമായിരുന്നു വര്‍ധിപ്പിച്ചത്. പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതമായിരുന്നു മെയ് 15ന് വര്‍ധിപ്പിച്ചത്. ഇതിനിടെ സിഎന്‍ജി വിലയും വര്‍ധിപ്പിച്ചിരുന്നു. കിലോക്ക് രണ്ട് രൂപയാണ് കൂട്ടിയത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ചൂണ്ടിക്കാട്ടിയാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഇന്ധന വില ഉയര്‍ത്തുന്നത്.
എട്ട് രൂപ വരെ ക്രമേണയുള്ള വർധനവ് തുടരുമെന്നാണ് സൂചനകൾ. കൃത്യമായ ഇടവേളകളിൽ നേരിയ തോതിൽ നിരക്ക് വർധിപ്പിക്കാനാണ് എണ്ണ കമ്പനികൾ ലക്ഷ്യമിടുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ അസംസ്കൃത എണ്ണയുടെ വില കുതിക്കുന്നതാണ് ഇന്ത്യയെയും ബാധിക്കുന്നത്. ഇന്ധനവില വർധിക്കുന്നത് ഗതാഗതച്ചെലവ് കൂട്ടുന്നതിനും അതുവഴി നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ടാക്സി, ബസ് സർവീസുകളെയും സാധാരണക്കാരായ വാഹന ഉടമകളെയും ഇത് നേരിട്ട് ബാധിക്കും. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇനിയും ഉയരുകയാണെങ്കിൽ വരും ദിവസങ്ങളിലും വില വർധനവ് തുടരാൻ സാധ്യതയുണ്ട്.

إرسال تعليق