കൊച്ചിയിൽ യുവാവിനെ ഫ്രയിങ് പാൻ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. പച്ചാളം സ്വദേശി ആല്‍ ജൂഡ് ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്തും പച്ചാളം സ്വദേശിയുമായ സിനോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിനോഷിന്റെ വീട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്. ഞായറാഴ്ച രാത്രി സിനോഷിന്റെ വീട്ടിൽ ആൽ ജൂഡ് ഉൾപ്പെടെ മൂന്നംഗ സംഘം മദ്യപിക്കാനായി ഒത്തുചേർന്നിരുന്നു. മദ്യപാനത്തിനിടെ ഇവർക്കിടയിൽ രൂക്ഷമായ തർക്കമുണ്ടാവുകയും ഇതിനിടെ സിനോഷ് അടുക്കളയിലുണ്ടായിരുന്ന ഫ്രയിങ് പാൻ ഉപയോഗിച്ച് ആൽ ജൂഡിന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം. തലയ്ക്കേറ്റ മാരകമായ പരിക്കാണ് മരണത്തിന് കാരണമായത്.
ഇന്ന് രാവിലെയാണ് സിനോഷിന്റെ വീട്ടിൽ ആൽ ജൂഡിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സിനോഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. സംഘത്തിലുണ്ടായിരുന്ന മൂന്നാമനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. സയന്റിഫിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

Post a Comment